സന്ധ്യതന്‍ കപോലത്തില്‍ ശോണിമയേറി, ചില
കാര്‍മേഘമങ്ങിങ്ങായി പ്രേമസഞ്ചാരം ചെയ്കേ
ഇലഞ്ഞിപ്പൂക്കള്‍ തന്റെ മാദക ഗന്ധം തേടി
മാനസാരാമത്തിങ്കല്‍ മാരുതനണഞ്ഞപ്പോള്‍
മാരിവില്‍ സ്വപ്നങ്ങളാലാരെയോ വരച്ചിട്ടൊ-
രന്തരംഗത്തില്‍ വൃഥാ തേന്മഴ പൊഴിഞ്ഞപ്പോള്‍
ഓര്‍മ്മതന്‍ മണിച്ചെപ്പില്‍ ലാളിച്ചു വളര്‍ത്തുമെന്‍
പ്രേമസ്വപ്നങ്ങള്‍ വന്നെന്നാത്മാവില്‍ മന്ത്രിക്കുന്നു
വരവായ് പ്രിയസഖി, പ്രണയക്കതിര്‍ക്കൊടി,
പല നാള് കാത്തിരുന്ന വാസന്തമലര്‍ക്കൊടി
നിന്നിലെന്നാളും നവ സ്വപ്നമായരങ്ങേറും
പ്രണയോത്സവത്തിന്റെ മധുരപ്രതിധ്വനി !
ഒട്ടൊരു നിമിഷമാ വാക്കുകള്‍ കേട്ടിട്ടെന്റെ-
യുള്‍ത്തടം സന്തോഷത്താല്‍ പ്രേമസ്വപ്നത്തെ പൂകെ
സുന്ദരിയവളുടെ നൂപുരനാദം പോലെ,
‘ഫോണടി’ച്ചുണര്‍ത്തിയെന്നാമോദ സങ്കല്‍പ്പത്തെ
ആരിവള്‍? മധുരാര്‍ദ്രവര്‍ഷമായ് പൊഴിയുന്ന
തേന്‍ കണം തുളുമ്പുന്ന വാക്കുകള്‍ പറയുവോള്‍
സ്നേഹമാണത്രേ ! എന്നില്‍ ചേരുവോളം നാള് നിത്യം
പാര്‍വതീപതിയെത്താന്‍ പൂജിച്ചു പോരും പോലും!
ഓര്‍ത്തെടുത്തവളെയെന്‍ പൂര്‍വ്വ സഞ്ചാരങ്ങളില്‍
ഓര്‍മ്മയായ് വിട ചൊല്ലി പോയ പെണ്‍കൊടിയവള്‍
ഓളങ്ങളാലെ നൂറു ഗാഥകള്‍ രചിക്കുന്ന
പൂക്കൈതയാറിന് തീരത്തന്നു പാര്‍ത്തിരുന്നവള്‍
ഓളങ്ങള്‍ കാലത്തിന്റെ നൂതന കഥകളാ-
ലായിരം കാതം ദൂരം മുന്നോട്ടു ചരിച്ചപ്പോള്‍
കാണാതെയായി തമ്മിലെങ്കിലും ചില നേരം
ഓര്‍ത്തിരുന്നവളെ ഞാനോമനിച്ചിരുന്നു ഞാന്‍
ഒന്നുമേ ചൊല്ലാനെന്റെ ഗദ്ഗദം തടഞ്ഞപ്പോള്‍
ഹൃത്തുടിപ്പുയര്‍ന്നതെന്‍ പ്രാണന്റെ താളം പോലെ
പ്രേയസീ നിന്നെ തന്നെ കാത്തിരിക്കുന്നു ഞാനെ-
ന്നാവതും പറയുവാന്‍ വാക്കുകള്‍ തിരഞ്ഞു ഞാന്‍
എങ്കിലും തമ്മില്‍ തമ്മില്‍ മൌനങ്ങള്‍ കൈമാറിയ
പുഞ്ചിരി പോലും രാവില്‍ വാനിലെ നക്ഷത്രമായ്
എന്‍ ചുടു നിശ്വാസത്തില്‍ പൂമ്പൊടി കലര്‍ന്നിട്ടോ
സുന്ദരിയവളുടെ മന്ത്രണം നുകര്‍ന്നിട്ടോ
രാത്രീരവം തെല്ലു ശാന്തമായ്, മരങ്ങളില്‍
പാര്‍ത്തിടും കിളികളും തമ്മിലാശ്ലേഷം ചെയ്തു
വൃശ്ചികപ്പുതപ്പിട്ട സന്ധ്യ തന് മിഴികളില്‍
ചന്ദനക്കുളിര്‍ തൂകി ചന്ദ്രിക പ്രകാശിച്ചു
സാന്ധ്യസൌന്ദര്യത്തിലെന്നാരാമ സുരഭികള്‍
ആലോലഗാത്രങ്ങളാല്‍ പ്രേമഗീതങ്ങള്‍ പാടി
വര്‍ണ്ണങ്ങള്‍ നമുക്കായി വന്നുത്ഭവിച്ചോ പാരില്‍
വാനിലെ നക്ഷത്രങ്ങള്‍ നമുക്കായ് പിറന്നതോ
ചിന്തകള്‍ വിഹായസ്സിലഞ്ജിത വര്‍ണ്ണങ്ങളായ്
പൂക്കളായ് വസന്തമായ് മഞ്ജുള സ്വപ്നങ്ങളായ്
നമ്മള് നമുക്കായ് ചമച്ച സാമ്രാജ്യത്തി-
ലര്‍ക്കനുറങ്ങാത്ത നാളുകള്‍ തുടങ്ങയായ്
ഏറെനാള്‍ കഴിഞ്ഞു നിന് ശബ്ദസൌഭാഗ്യം നെഞ്ചി-
ലുള്‍ക്കുളിര്‍ പകര്‍ന്നൊരു സാന്ത്വനത്തലോടല്‍ പോല്‍
ഉല്ക്കടം കൊതിക്കുന്നു നിന്റെ സാമീപ്യം നിത്യ-,
മുല്‍ക്കാര്‍ദ്രചിത്തത്തിന്റെയാഗ്രഹം കഷ്ടം കഷ്ടം!
കാലമാം കനല്‍പ്പാത നീണ്ട നാള്‍വഴികളായ്
കാതങ്ങള്‍ താണ്ടാനെന്നെയാജ്ഞയാല്‍ ക്ഷണിക്കവേ
കാണുമോ കണ്ണില്‍ കണ്ണു ചേര്‍ത്തുമെന്‍ സിരകളില്‍
കാലുഷ്യമിയലാത്ത സ്നേഹമായ് നീയും കൂടെ...
© ജയകൃഷ്ണന് കാവാലം
7 comments:
"വരവായ് പ്രിയസഖി,
പ്രണയക്കതിര്‍ക്കൊടി,
പല നാള് കാത്തിരുന്ന
വാസന്ത മലര്‍ക്കൊടി
നിന്നിലെന്നാളും നവ
സ്വപ്നമായരങ്ങേറും
പ്രണയോത്സവത്തിന്റെ
മധുര പ്രതിധ്വനി"
അപ്പോ ആളെ കണ്ടെത്തിയോ മാഷേ? കാലത്തിന്റെ കനല്‍പ്പാത നീണ്ട നാള്‍വഴികള്‍ താണ്ടാന്‍ അവളും എന്നെന്നും കൂടെ ഉണ്ടാകട്ടെ!
ആര്‍ദ്ര ചിത്തത്തിന്റെ ആഗ്രഹം ആര്ദ്രതയുളവാക്കുന്നു മനസ്സില്‍ ..ഒപ്പം അതിന്റെ പൂര്‍ത്തീകരണത്തിനായി പ്രാര്‍ത്ഥിക്കുകയും...
ആശംസകള്‍
:-)
ഇതൊരു പുതുമയില്ലാത്ത കവിത, വിഷയം..
വൃശ്ചികപ്പുതപ്പിട്ട സന്ധ്യ തന് മിഴികളില്‍
ചന്ദനക്കുളിര്‍ തൂകി ചന്ദ്രിക പ്രകാശിച്ചു
നല്ല വരികള്‍ ശ്രീ പറഞ്ഞ വരികളും ഇഷ്ടപ്പെട്ടു.ഉഗ്രന്‍...
വരികള്‍ മനോഹരം ..'കേക'യുടെ വര്‍ണ്ണ പ്രപഞ്ചം...എങ്കിലും ഇടയ്ക്ക് 'ഫോണ്‍' എന്നൊക്കെയുള്ളത് അല്‍പ്പം മറ്റു കുറയ്ക്കുന്നപോലെ തോന്നി.
ശ്രീ:ആളെ കണ്ടെത്തി. പക്ഷേ ഈ കവിതയുമായി അതിന് യാതൊരു ബന്ധവുമില്ല. ഈ കവിത വ്യക്തമായ ഒരു ലക്ഷ്യം വച്ചുള്ളതാണ്. എന്റെ വ്യക്തിപരമായ ഒരു അനുഭവവും ഇതില്‍ ഇല്ല.
അച്ചൂസ്: സ്വാഗതം. നന്ദി
ഉമേഷ്: നന്ദി
പണിക്കരേട്ടാ: വിഷയം തനിയേ മാറിക്കോളും. കാത്തിരിക്കൂ...
കൃഷ്ണഭദ്ര: നന്ദി മാഷേ
രാജേഷ്ശിവ: ഫോണ്‍ എന്നതിന്റെ മലയാളം എഴുതാനാണെങ്കില്‍ ഒരു പാരഗ്രാഫ് വേണ്ടിവരും. അതുകൊണ്ടാണ്. നന്ദി രാജേഷ്.
Post a Comment