Sunday, November 14, 2010

കലിന്ദജ

എഴുതുവാന്‍ മറന്നൊരെന്‍ വരികളിലെവിടെയോ
കവിതയായ് പൂത്തൊരെന്‍ കൂട്ടുകാരീ
കളിചിരി മാഞ്ഞൊരെന്‍ കരളിലെ കളിത്തട്ടില്‍
നൂപുരധ്വനി ചേര്‍ക്കും കൂട്ടുകാരീ

കളഗാനമധുരമാം സ്വരരാഗസുധയാലെ
സുമധുരമധുരേ നീ കൊഞ്ചിടുമ്പോള്‍
അകലുന്ന ജനിദുഃഖശ്ശതം വിണ്ണില്‍ തിളങ്ങുന്നു
ഇഹ ജന്‍‍മസുകൃതത്തില്‍ താരകള്‍ പോല്‍...

നിലാവലയൊളിചിന്നിച്ചിരിതൂകും തവാനന-
തളിര്‍മുഗ്ധകുസുമമെന്‍ കരങ്ങളേല്‍ക്കേ
ചുടുചുംബനങ്ങളേറ്റു മിഴി കൂപ്പും ഭവതി നിന്‍
മധുരാസ്യമെന്നുമെന്‍റെ ഭാഗ്യമാകട്ടെ...

കലിന്ദകന്യകേ നിന്‍റെ കളഗാനസുഖം ചൂടി
ഹൃദയമുരളിക ഹാ സ്വയം പാടുന്നു
കണികാണാനണയു നീ കനിവിന്‍റെ സുഗന്ധമേ
കരള്‍ തേടും പ്രണയാര്‍ത്ഥ സുഖസാരമേ...

© ജയകൃഷ്ണന്‍ കാവാലം