നെഞ്ചിടിപ്പിന്റെ താളം മുറുകുന്നു
മനസ്സിലെ ചക്രവാകപ്പക്ഷി ചിറകടിച്ചകലുന്നു
നഭസ്സിലെ ശ്യാമരാജികള് വിഷാദ മൌനത്തിന്റെ
ചിത്രം വരക്കുവാന്‍ വ്യര്‍ത്ഥം ശ്രമിക്കുന്നു
വെറുമൊരു ചുടലപ്പറമ്പുപോല്‍ ശൂന്യമാം-
മനസ്സേ... ചിതകളില്‍ ചിന്തയെകൊന്നെരിച്ചും,
സഫലമാകാത്ത സ്വപ്നങ്ങളെ വറളി കൂട്ടിപ്പുകച്ചും,
അരിയ മന്ദസ്മിതം പങ്കിട്ടെടുത്തൊരാ-
മധുരവര്ഷങ്ങളെ തിലയോടു ചേര്‍ത്തു ഹവിച്ചും,
ഒരു വിഫല ജന്മത്തിന്റെയളവെടുപ്പു നടത്തിയാലും.......
ഉടലെരിക്കുന്നൊരന്തരാത്മാവിന്റെ
വ്രണിതഗീതം മുഴങ്ങുമീസന്ധ്യയില്
മധുരസ്വപ്നങ്ങള്‍ കണ്ടുമടുത്തൊരെ
ന്നാത്മകഥകള്കാറ്റില് പറന്നു നടക്കട്ടെ
വ്യഥകള്‍, നൊമ്പരപ്പാടുകള്‍ പൂക്കുമെന്‍
കവിത തന്നുടല്‍ ചിതലരിച്ചീടട്ടെ
ഇളകിയാടുന്ന മാനസസഞ്ചാര
ഗതിവിഗതികള്‍ താളം പിഴയ്ക്കുന്നു
തരളജീവിതസ്സങ്കല്പ്പകന്യകള്
മുടിയഴിച്ചുന്മാദ നൃ്ത്തം ചവിട്ടുന്നു
ചകിതനാണിന്നു കാലമേ നിന്റെയീ
ചരണതാഡനം പാടേ തളര്ത്തുമെ-
ന്നുടല്‍ വിറയ്ക്കുന്നു ജീവിതം കാണവേ.......
നെടിയനേരുകള് നൊമ്പരപ്പൂക്കളായ്
പഴയയോര്മ്മതന് വഴികളില്‍ പൂക്കുന്നു
നടുവൊടിക്കുന്ന ജീവിതഭാരത്തി-
ന്നഴല്കളില് ഞാന്‍ തകര്‍ന്നു പോകുന്നു
സഫലജീവിതത്തിരിതെളിച്ചന്നു നീ
വഴിയില്‍ നില്ക്കവേ കണ്ടു ഞാനെങ്കിലും,
സഹഗമനത്തിനര്ത്ഥിച്ചു ഞാനെന്റെ
ഉയിര് പകരം നിനക്കു നേദിക്കിലും,
ഹൃദയഗര്ഭത്തിലുണ്മയോലും സ്നേഹ
അമരകോശത്തില്‍ നിന്നെ പ്രതിഷ്ഠിച്ച്
പരിധിയില്ലാത്തനശ്വരപ്രേമത്താല്
ഉദയസായന്തനങ്ങള് കഴിക്കിലും,
അരുവിയാം നിന്റെ മിഴികളൊന്നെന്നിലേ-
ക്കൊഴുകിയില്ലെന്റെ കരളിലെക്കണ്ണുനീര്-
തരളപാദം നനച്ചില്ല ദേവി നിന്
മിഴിയറിഞ്ഞതില്ലെന്നാത്മ നൊമ്പരം.......
വഴി പിരിഞ്ഞു നാം പോകയോ ഹാ... മനം
വഴി തിരിയാതെയിരുളില് പരതുന്നു
തീയൊഴുകുമെന് ഹൃത്തിലെ ധമനികള്‍
അമിതതാപത്താല് പൊട്ടിത്തകരുന്നു
വരണമാല്യം കരുതിയില്ലെങ്കിലും,
വളകിലുക്കങ്ങള് കവിത പാടുന്ന നിന്
കൈകളാലൊരു പൂച്ചെണ്ടു മാത്രമെന്‍
ചിതയില്‍ വയ്ക്ക, കൃതാര്‍ത്ഥനാവട്ടെ ഞാന്‍.......
© ജയകൃഷ്ണന് കാവാലം
8 comments:
നന്നായി സുഹൃത്തേ
:-)
മനംവഴി തിരിയാതെയിരുളില് പരതുന്നുതീയൊഴുകുമെന് ഹൃത്തിലെ ധമനികള്അമിതതാപത്താല് പൊട്ടിത്തകരുന്നുവരണമാല്യം കരുതിയില്ലെങ്കിലും,വളകിലുക്കങ്ങള് കവിത പാടുന്ന നിന്കൈകളാലൊരു പൂച്ചെണ്ടു മാത്രമെന്ചിതയില് വയ്ക്ക
"വളകിലുക്കങ്ങള് കവിത പാടുന്ന നിന്കൈകളാലൊരു പൂച്ചെണ്ടു മാത്രം"
നല്ല വരികൾ
നല്ല കവിത.
ഇഷ്ടമായി.
നല്ല വരികള്‍, മാഷേ
nalla varikal
വളരെ നന്നായിട്ടുണ്ട്. വിഷാദം പകര്‍ത്തുമ്പോള്‍ വാക്കുകള്‍ ഏറ്റവും ഹൃദയസ്പര്ശിയാല്കണം എന്നാണു തോന്നിയിട്ടുള്ളത്. അത് ഇവിടെ നന്നായിട്ടു തോന്നുന്നുണ്ട്. സങ്കീര്‍ണ്ണമായ വികാരങ്ങളെ പകര്‍ത്താന്‍ ഈ കവിതയിലെ വക്കുകള്‍ക്ക് വളരെ പര്യാപ്തരാണ്. നഭസ്സിലെ ശ്യാമരാജികള് തീര്‍ത്ത മൌനത്തിന്റെ ചിത്രം ഭംഗിയായി.
വളരെ നന്നായിട്ടുണ്ട്.....
ആശംസകള്‍
Post a Comment