സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവേ-നിന്
അഞ്ചിതമാം മിഴിപ്പൂ തുറന്നാട്ടേ
ഉണ്മയോലുമീ സുപ്രഭാതത്തില്‍ ഞാന്‍
നിന്റെ കണ്‍കളില്‍ കവിത കണ്ടോട്ടേ
ഇങ്ങു ചാരെയീ മാമരക്കൊമ്പിലെ
പൂങ്കുയിലുകള്‍ മധുരം വിളമ്പുന്നു
ആര്‍ദ്രനായി ഞാനാഗാന വീചിതന്‍
ചിറകിലേറി നിന് ചാരത്തണയട്ടെ
നിദ്രപൂക്കാത്ത രാത്രിതന്‍ സ്പന്ദനം
നിന്റെയോര്‍മ്മകള്‍ നെഞ്ചില്‍ പടര്‍ത്തുന്നു
നിഷ്കളങ്കമാം നിന് മൃദുഹാസമെന്‍
സ്വപ്നമണ്ഡലം പാടേയുലയ്ക്കുന്നു
ആരു നീ മമ ജീവിത വേനലില്‍
അമൃതമായ് പെയ്തിറങ്ങുന്ന വര്‍ഷമേ
ആരു നീ മമ ജീവഗാനത്തിലെ
ചിരപരിചിത രാഗസൌഭാഗ്യമേ
നിന്റെയാത്മാവിനോരങ്ങളില് വേണു-
വൂതിയൂതി ഞാന്‍ നിന്നെയുണര്ത്തട്ടെ
നിന് കടാക്ഷം തപം ചെയ്തു ചെയ്തെന്റെ
നെഞ്ചിലെ നെരുപ്പോടില്‍ ദഹിക്കട്ടെ
അല്പ്പമാത്രമെന് ജീവിത സ്വപ്നത്തി-
ലത്രമാത്രം നിറഞ്ഞിടും വര്‍ണ്ണമേ
എത്തുമോ എന്റെ ചാരത്തു പൂത്തിരു-
വാതിരക്കു വിളക്കു കൊളുത്തുവാന്‍
ദീര്‍ഘകാലം വിരസമായ് ജീവിത-
പ്പാഴ്മരുവിലൂടൊറ്റയ്ക്കൊഴുകി നാം
ചേര്ന്നൊഴുകുവാനായി നീ പോരുമോ
ദിവ്യമാം സ്നേഹസാഗരം പൂകുവാന്‍
പ്രാര്ത്ഥനപ്പൂക്കളാലെ മനസ്സിന്റെ
ശ്രീലകത്തു ഞാന്‍ പ്രാര്‍ത്ഥിച്ചിരിക്കവേ
പൂത്തു നില്‍ക്കുമുഷസ്സിന്റെ സിന്ദൂര
ബിന്ദുവായി നീ ശ്രീലകത്തമരുമോ
സ്നേഹ സൌധം പണിഞ്ഞുനിന്നാഗമം
കാത്തിരിക്കുന്നു സാധകനക്ഷമം
ദേവി, നീയണഞ്ഞിടുമോയെന്നര്ദ്ധ-
ഭാഗമായ് സ്നേഹരാജ്യം ഭരിക്കുവാന്‍
© ജയകൃഷ്ണന് കാവാലം
9 comments:
ഗദ്യകവിതയുടെ ''അസ്കിത '' ഇല്ലെന്നു കണ്ടതില്‍ സന്തോഷം
.ഉള്ള ആശയം കലര്‍പ്പില്ലാതെ ജാടയില്ലാതെ എഴുതുന്ന രീതി പിന്തുടരുക.
പിന്നെ. ..ഉപയോഗിയ്ക്കുന്ന പദങ്ങളുടെ ഔചിത്യം പ്രധാനമാണു..
.അതില്‍ ശ്രദ്ധിക്കുമല്ലോ.
മനോഹരം...എനിക്ക് നന്നായി ഇഷ്ടമായി...
"ഇങ്ങു ചാരെയീ മാമരക്കൊമ്പിലെ-
പൂങ്കുയിലുകള്‍ മധുരംവിളമ്പുന്നു...
ആര്‍ദ്രനായി ഞാനാഗാന വീചിതന്‍
ചിറകിലേറി നിന് ചാരത്തണയട്ടെ..."
-ഈ വരികള്‍ ആണ് കൂടുതല്‍ ഇഷ്ടമായത്.
എല്ലാ ആശംസകളും
kavitha pinneyum nannayirikkunnu. pranayathe theeere painkili akathe avatharippichirikkunnu.
but, telling you frankly, kavithakalil njan, enikku enninganeyulla padangal adhikam upayogikkathirikkukayalle nallathu. athu oru kuravu thanneyanennu oru unwritten belief undu.
കൊള്ളാം കൃഷ്ണാ..
പ്രണയകവിതകൾ നല്ലതുതന്നെ, എങ്കിലും വിഷയത്തിൽ നിന്നും മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു...
ഇഷ്ടമായി കവിത
കണ്ട പെങ്കുട്യോല്ടെ കണ്ണിലോക്കെ നോക്കി കവിത എഴുതിയിരുന്നോ...സ്ത്രീ പീഡനതിനു കേസ് വരാണ്ട് സൂക്ഷിച്ചോ...
"സ്നേഹ സൌധം പണിഞ്ഞുനിന്നാഗമംകാത്തിരിക്കുന്നു"
സ്നേഹമാകട്ടെ മന്നില്‍
ഉണ്മയും വസന്തവും
സ്നേഹമാകട്ടെ സര്‍വ്വം
സ്നേഹത്തില്‍ ലയിക്കട്ടെ!!
:) :)
''നിന്റെയാത്മാവിനോരങ്ങളില് വേണു-
വൂതിയൂതി ഞാന്‍ നിന്നെയുണര്ത്തട്ടെ''
ഇത് കേട്ടു ഉണരാന്‍ അവള്‍ക്കു തോന്നട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.
Nice poem...Harishreeyil thankalude kavithakal vaayikkarund...valare nalla kavithakal...Ashamsakal...
Post a Comment