Saturday, May 31, 2008

എനിക്കു ചിതയൊരുങ്ങുമ്പോള്‍



ജ്വലിക്കുമഗ്നിയില്‍ ഹവിസ്സു മാത്രമായ്
എരിഞ്ഞടങ്ങുവാന്‍ വിധിച്ച ദേഹമേ
കൊടുത്തു നിന്നെയെന്‍ അന്ത്യ ദാനമായ്
മടങ്ങട്ടെ, ഭുവില്‍ ശാന്തി വാഴട്ടെ

ജനിച്ചു ഭൂമിയില്‍ തപിച്ചു ദേഹിയും
കൊടുത്തു കൊണ്ടതും വിധി വിഹിതങ്ങള്‍
തടുത്തതില്ല ഞാന്‍ വിധി ഹസ്തങ്ങളെ
ചെറുത്തതില്ലൊരു വരപ്രസാദവും

ജനിച്ച നാള്‍ മുതല്‍ കണ്ട കാഴ്ചകള്‍
മറക്കട്ടെ, ലോകം വെടിഞ്ഞു പോകട്ടെ
ജന ശതങ്ങളും നദീ പ്രവാഹവും
വിപിനവും മൃഗ ഖഗാവലികളും

മരങ്ങളും മഹാ മലനിരകളും
മണിപുരങ്ങളും ധനധാന്യങ്ങളും
കുളങ്ങളും, നീണ്ട വഴികളും, ചെറു-
കിളികള്‍ പാടുമീ ചാഞ്ഞ ചില്ലയും,

വസന്ത ഭംഗിയും, ശിശിരമേഘവും,
ഹരിത വര്‍ണ്ണമാര്‍ന്നിളകിടും ചെറു-
വാര്‍പ്പു കുഞ്ഞുങ്ങള്‍ നീന്തിടും - കല്ലിന്‍
പടവിളകിയ കുളക്കരയുമീ

നിമിഷ ജീവിത പ്രയാണ വേളയില്‍
കണ്ടതൊക്കെയും മറക്കട്ടെ ഞാനെന്‍
പ്രതീക്ഷയും, പ്രിയ കവിതയും കണ്ണീര്‍-
ക്കിനാക്കളുമിതാ തിരികെ നല്‍കട്ടെ

വൃഥാ കരഞ്ഞിടും പ്രിയ ജനങ്ങളേ
വെറുതെയെന്തിനീ വിലാപ ഗീതകം
മറക്കുമൊക്കെയും നിങ്ങളും വരും
ഒരു ദിനം, വീണ്ടും കരയുമുടയവര്‍

പ്രപഞ്ചനീതിതന്‍ നിയമ സഞ്ചയം
മറച്ചിടുന്നു ഹാ അനന്ത വേപഥു
ചിരിച്ചിടും, നാളെ കരഞ്ഞിടാന്‍ വീണ്ടും
ചിരിച്ചിടാം, ഭവാന്‍ ചമയ്ക്കും നാടകം

കഴിഞ്ഞ ജീവിത കണക്കു കൂട്ടലില്‍
കരഞ്ഞു കൂട്ടിയ കണക്കു ബാക്കിയായ്
കഴിഞ്ഞ കാലമെന്‍ കരം കഴിച്ചിതാ
പൊതിഞ്ഞു തന്നതാം പുണ്യ സഞ്ചയം

വിദൂര യാത്രയില്‍ പാഥേയമാക്കിടാം
പൊതി, കരുതുക ‘പുണ്യ’ ഭോജനം
കടുത്ത ജീവിതക്കടല്‍ കടന്നിതാ
മടങ്ങട്ടെ, ഭുവില്‍ സുഖം ഭവിക്കട്ടെ

ചിതയൊരുങ്ങുന്നു, പലര്‍ മതില്‍ക്കക-
ത്തിരിക്കുന്നു ചിലര്‍ നടന്നു കാണുന്നു
മരണ വീടിന്‍റെ ചിതം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ കുനിഞ്ഞിരിക്കുന്നു

മരിച്ചവനുടെ ഗുണം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ പരിഹസിക്കുന്നു
പരിഹാസ ഗുണ ഗണങ്ങളൊക്കെയും
ശവത്തിനോ അതോ പരം പുരുഷനോ?

മുറിച്ച മാവിന്‍റെ ഗുണ ഗണങ്ങളില്‍
ശവം വരുത്തിയ കുറവു തീര്‍ക്കുവാന്‍
മൂപ്പിലാന്‍റെ പട്ടടയടങ്ങുമ്പോള്‍
വളം കരുതുവാനുറച്ച മക്കളും

കൊടുത്ത ഭൂമിതന്നളവിൽപ്പവും
കുറയാതെ കരഞ്ഞിടും ബന്ധുക്കളും
നെടിയ ശ്വാസങ്ങള്‍ നിറഞ്ഞു കേള്‍ക്കുന്നു
സഹതപിക്കണേ പൊതു ജനങ്ങളേ...

ജനിച്ച ഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഞാ-
നിവര്‍ക്കു വേണ്ടി ഹാ... കരുതിയൊക്കെയും
നിവര്‍ന്നു നില്‍ക്കുവാന്‍ പഠിച്ച മക്കളെ-
ന്നൊടിഞ്ഞൊരെല്ലിനോ വിലപറയുന്നു

കരം കൊടുത്തു ഞാന്‍ പിരിഞ്ഞു പോകവേ
വിരുന്നു വന്നൊരെന്‍ പ്രിയ ജനങ്ങളേ
ശവം കിടക്കുന്നു കണ്ടു കൊള്ളുക
നാളെ നിങ്ങളും കിടക്കുമീവിധം

ചൂട്ടു കറ്റകള്‍ കരഞ്ഞു കത്തുന്നു
കുളിച്ചു വന്നവന്‍ ശവത്തിന്‍ സീമന്തന്‍
എടുത്തു കൊള്ളുകീ ശവത്തെയഗ്നിതന്‍
കരത്തിലെന്നവന്‍ ജപിപ്പതില്ലയോ?

ജനം തിരക്കിട്ടു നിരന്നു നില്‍ക്കുന്നു
ഇടം കൊടുക്കുക അഭൂത ദര്‍ശനം!!!
മനം നിറഞ്ഞിതാ അനുഗ്രഹിക്കുന്നു
കൊളുത്തുക കുഞ്ഞേ സമയമാഗതം

ജ്വലിച്ചൊരഗ്നിതന്‍ രഥത്തിലേറി ഞാന്‍
നഭസ്സിലൂടെയെന്‍ പുരത്തിലെത്തവേ
ജപിച്ചിടുന്നു വേരറുക്ക ജീവിത
ക്കനല്‍ക്കയത്തിലേക്കുള്ള മോഹവും

കളത്രസന്തതീ വൃഥാ വിനോദവും
കറുത്ത ഭൂമിയില്‍ കര്‍മ്മയോഗവും
അറുക്ക ജനിമൃതീ പരമ്പരകളും
അനന്തജീവിതം വിധിക്ക നീ വിഭോ

© ജയകൃഷ്ണന്‍ കാവാലം

7 comments:

Avanthika said...

നന്നായിട്ടുണ്ട്‌! എന്തേ ബ്ളോഗ്‌ അപ്ഡേറ്റ്‌ വളരെ കുറവാണല്ലോ! വളരെ നാളുകള്‍ക്ക്‌ ശേഷമാണു ഈ ബ്ളോഗിലേയ്ക്ക്‌ വരുന്നത്‌, ഒരേ ഒരു പോസ്റ്റ്‌ മാത്രം പുതിയത്‌! പല പഴയ നല്ല ലേഖനങ്ങളും കാണാനും ഇല്ല. എന്താ ബൂലോഗത്തുള്ള ആരെങ്കിലും ഭീഷണിപ്പെടുത്തി ഡിലീറ്റ്‌ ചെയ്യിച്ചതാണോ? കഴിയുമെങ്കില്‍ ആ പഴയ പോസ്റ്റുകള്‍ (aomething about hindu gods & our culture related stuff) റീപോസ്റ്റ്‌ ചെയ്യണം... എല്ലാവിധ ഭാവുകങ്ങളും നേരുന്നു!

കാവാലം ജയകൃഷ്ണന്‍ said...

സമയ പരിമിതിയാണ് സുഹൃത്തേ പ്രധാന കാരണം. അതു കൊണ്ടാണ് അപ്ഡേറ്റുകള്‍ക്ക്‌ കാലതാമസം. അതേ കാരണം കൊണ്ടു തന്നെ ഇപ്പോള്‍ എന്‍റെ വെബ്‌ സൈറ്റും അപ്ഡേറ്റ് ചെയ്യാറില്ല. പകരം ആ സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ ഇ മെയില്‍ വഴി അപ്ഡേറ്റ്സ് അയച്ചു കൊടുക്കുകയാണു പതിവ്‌. താത്പര്യം മാത്രം പോരല്ലോ, സാഹചര്യവും അനുകൂലമാവണ്ടേ...

ആ ആര്‍ട്ടിക്കിള്‍ ഭീഷണി കൊണ്ടല്ല ഡിലീറ്റ് ചെയ്തത്‌. (ഭീഷണി ഒന്നെങ്കിലും കിട്ടിയിരുന്നെങ്കില്‍ അതിപ്പൊഴും അവിടെ തന്നെ അവശേഷിച്ചേനെ. കുറച്ചു കൂടി നല്ലതു കുറേയെണ്ണം വേറെയും പോസ്റ്റ് ചെയ്തേനെ) മറിച്ച്‌ ആ ലേഖനം ഏതെങ്കിലും അര്‍ത്ഥത്തില്‍ ആരെയെങ്കിലും മുറിവേല്പ്പിച്ചേക്കുമോ
എന്നൊരു സംശയം. അതുകൊണ്ടാണ്. മാത്രവുമല്ല നിഷ്കളങ്കന്‍ ഓണ്‍ലൈന്‍ കവിതകളിലേക്കു മാത്രം ഒതുങ്ങിയാലെന്താ എന്നൊരാലോചനയും ഇല്ലാതില്ല.

എന്തായാലും താങ്കളുടെ സൂക്ഷ്മമായ നിരീക്ഷണത്തിനും, വിലയിരുത്തലിനും നന്ദി അറിയിക്കുന്നു

ജയകൃഷ്ണന്‍ കാവാലം

Avanthika said...

ആര്‍ക്കൈവ്‌ ചെയ്യാന്‍ കൂടുതല്‍ എളുപ്പം ബ്ളോഗ്‌ ആണെന്നാണു എണ്റ്റെ അഭിപ്രായം. ഓണ്‍ലൈന്‍ ആയി ഡാറ്റാബേസ്‌ വഴി ആര്‍ക്കൈവ്‌ ചെയ്യുന്നതിനാല്‍ എവിടെ ഇരുന്നും നമുക്ക്‌ അക്സസ്‌ ചെയ്യാന്‍ പറ്റും. നാടക രചനയെക്കുറിച്ചൊന്നും എനിക്ക്‌ അത്ര നല്ല ധാരണ ഇല്ല, അതിനാല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.

താങ്കള്‍ ഒരു ബഹുമുഖ പ്രതിഭയാണെന്നു തൊന്നുന്നല്ലോ. താങ്കള്‍ക്ക്‌ ഒരു വെബ്സൈറ്റ്‌ ഉണ്ടെന്നു പറഞ്ഞല്ലൊ, അതിണ്റ്റെ ലിങ്ക്‌ കിട്ടിയാല്‍ നന്നായിരിന്നു.

മറുപടിയ്ക്ക്‌ നന്ദി.

Avanthika said...

ലിങ്കിനു നന്ദി. താങ്കള്‍ പറഞ്ഞത്‌ ശരിയാ പേജ്‌ ലോഡ്‌ ചെയ്യാന്‍ സമയം കൂടുതല്‍ എടുക്കുന്നുണ്ട്‌, മാത്രവുമല്ല വായിക്കാനും നല്ല ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുണ്ട്‌. ചിലപ്പൊ എണ്റ്റെ മെഷീണ്റ്റെ പ്രശ്നം ആയിരിക്കാം, പിന്നീടൊരിക്കല്‍ ഒന്നുകൂടി ശ്രമിച്ചു നോക്കിയതിനു ശേഷം. അഭിപ്രായം അറിയിക്കാം. എന്തൊക്കെയായാലും താങ്കളുടെ ഈ വക പ്രവര്‍ത്തനങ്ങള്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു. ആശംസകള്‍.

Avanthika said...

താങ്കളുടെ പുതിയ പോസ്റ്റുകള്‍ കണ്ടു, പക്ഷെ സമയപരിമിധി വല്ലാതെ അലട്ടുന്നുണ്ട്‌ അതിനാല്‍ അതില്‍ ഒരു പോസ്റ്റ്‌ പോലും മനസ്സിരുത്തി വായിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതുമാത്രവുമല്ല എനിക്ക്‌ കവിതയില്‍ വായനാപരിചയം തീരെ ഇല്ല, ലളിതമായി തോന്നുന്നവ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്‌ അതും വളരെ ചുരുക്കമായി മാത്രം. പിന്നെ താങ്കളുടെ കവിതകള്‍ അങ്ങനെ ഓടിച്ചു വായിച്ചു പോയാല്‍ മനസ്സിലാകുമെന്നു തോന്നുന്നില്ല. മനസ്സിലാകാത്ത ഒരു കാര്യത്തെ കുറിച്ചു അഭിപ്രായം പറയുന്നത്‌ ശരിയല്ലല്ലോ, അതിനാലാണു കമണ്റ്റ്‌ ഇടാതിരുന്നത്‌. തീര്‍ച്ചയായും വായിക്കുന്ന മുറയ്ക്ക്‌ കമണ്റ്റ്സ്‌ ഇടാന്‍ ശ്രമിക്കാം.

ഓരോ പോസ്റ്റിനും ഇടയില്‍ ഒരു ചെറിയ ഇടവേള കൊടുക്കുന്നത്‌ നന്നായിരിക്കും എന്നു എനിക്ക്‌ തോന്നുന്നു. വായനക്കാര്‍ക്ക്‌ ഒന്നും വിട്ടുപോകാതെ വായിക്കാനും അഭിപ്രായം അറിയിക്കനും അതു സഹായിക്കും.

പുതിയ ലേഖനങ്ങള്‍ എന്തെങ്കിലും പണിപ്പുരയില്‍ ഉണ്ടോ?

ആശംസകള്‍.

Unknown said...

ഏറെക്കാലത്തിനു ശേഷമാണ്‌ ഇത്രയും ശക്തമായ വരികൾ കാണുന്നത്‌. ആശംസകൾ...

ചാണക്യന്‍ said...

നല്ല വരികള്‍ മാഷെ,
ആശംസകള്‍.....