Monday, September 03, 2018

കീർത്തനം

കണ്ണുനീർ കാംബോജി തീർക്കുന്ന പാഴ്‌മുളം
തണ്ടാണു കണ്ണാ ഈ ജന്മം
നീലോൽപ്പലാക്ഷന്റെ ഗീതികൾ മൂളുവാൻ
നീളേ തപം ചെയ്ത ജന്മം!

എല്ലാം മറന്നൊന്നു പാടുവാൻ മോഹന
ഗാനം തിരയുന്ന നേരം
താനേ തളർന്നു കൊഴിഞ്ഞ കിനാക്കളിൽ
ഈണം ചമയ്ക്കുമോ കണ്ണാ

ഇക്കൊടും നോവിന്റെയാരോഹണങ്ങളിൽ
നാമം മറക്കാതെ നിന്നെ
നിത്യം ജപിച്ചും, തപിച്ചുമീ ക്ഷീണിത-
ജീവിതം നീക്കുന്നു ഞാനും

ഈ ജന്മമൊരു വേളയൊരു ചെറു കാറ്റിന്റെ
തഴുകലായ് നീയൊന്നു വന്നാൽ
ലോകം മയക്കുന്ന ദിവ്യരാഗങ്ങളീ
പാഴ്‌മുളം തണ്ടിന്നു തന്നാൽ...

© കാവാലം ജയകൃഷ്ണൻ

Tuesday, November 24, 2015

കണ്ടോ...

ഉരുകുമെൻ ഹൃദയത്തിൻ വ്യഥ നീ കണ്ടോ -മണ്ണിൽ
ഞെരുങ്ങുന്നൊരിട നെഞ്ചുണ്ടതു നീ കണ്ടോ
വനകന്യാഹൃദന്തത്തിൽ കുളിർ പെയ്യുമ്പോൾ
ഉള്ളിൽ, കരിഞ്ഞേ പോം മനസ്സൊന്നുണ്ടതു നീ കണ്ടോ

വിരഹാർദ്രവ്യഥിതമാം ചിന്ത തൻ ചൂടിൽ - നിന്റെ
കളമന്ത്രധ്വനി നെഞ്ചിൽ കനൽ പാകുമ്പോൾ
കനിവേകാനകതാരിൽ സാന്ത്വനം പെയ്യാൻ
പണ്ടേ മറന്നെന്റെ പ്രിയരാഗ മധുമേഘം നീ


നിറം മങ്ങി, സ്വരം വിങ്ങി, പ്രതീക്ഷ മാഞ്ഞു - വിണ്ണിൻ
വർണ്ണമെല്ലാം വന്യമേതോ ഭീതിയിൽ മുങ്ങി
ഇനിയില്ലീ ഭ്രമവർണ്ണമായകൾ കാട്ടും - ഭൂവിൽ
നിമിഷങ്ങൾ, ചാരെ മൃത്യൂകാഹളം കേൾപ്പൂ

© കാവാലം ജയകൃഷ്ണൻ

Monday, November 23, 2015

ജ്ഞാനേശ്വരൻ...

ഭക്തമാനസലോലാ തലനാടി-
ന്നിഷ്ടദേവനാം ജ്ഞാനേശ്വരാ...
മുക്തമാനസം തന്നിൽ നിറയുന്ന
ശുദ്ധപ്രണവസുധാമധുരമേ...

ശിഷ്ടരൊക്കെയും ശിവമന്ത്ര സ്മരണയാൽ
ശക്തീസമേതനെ കാണുവാനണയുമ്പോൾ
വിശ്വനാഥന്റെ വിസ്മയസ്നേഹത്തിൻ
വിസ്തൃതാഹ്ലാദമുള്ളിൽ നിറയുന്നു

ശിവനെ സ്മരിച്ചാൽ ശിവോഹമെന്നുൾക്കാമ്പി
ലുണരുന്ന ബോധമായ് തെളിയുവോനേ
ഹരനെ ഭജിച്ചാൽ മഹാമൃത്യുഭീതിയും
അമരസൗഭാഗ്യമായ് തീർക്കുവോനേ

അറിവിന്റെയാഴിയാമവിടുത്തെ  തിരുമുൻപിൽ
അറിവില്ലാ ബാലകർ ഞങ്ങൾ നിൽപ്പൂ
അമരത്വമേകും മഹാജ്ഞാനബോധത്തെ
യുണർവ്വിൽ നിറയ്ക്കണേ ജ്ഞാനേശ്വരാ

© കാവാലം ജയകൃഷ്ണൻ

വലംപിരി ശംഖിലെൻ...

വലംപിരി ശംഖിലെൻ കണ്ണീരുമായ് നിന-
ക്കർഘ്യം സമർപ്പിക്കാൻ പൂജാരിയണയുമ്പോൾ
വരദേ... നിരാലംബരാകുമീയേഴകൾ
വലയുന്നോരാഴിയിൽ തുഴയാകണേ...

ജനിദുഃഖമമ്മേ മഹാകാനനം ഘോര-
വ്യാഘ്രങ്ങൾ മേവുന്ന ദുരിതായനം
തവപാദസ്മരണയല്ലാതില്ല നിമിഷങ്ങൾ
തളരുമ്പോഴും... ദേഹിയകലുമ്പൊഴും...

കാരുണ്യമില്ലാത്ത മനസ്സുകൾ ജീവിതം
കാലുഷ്യമോടേയുടച്ചിടുമ്പോൾ
കാളീസമേതയായഖിലർക്കുമഭയമായ്
കാരുണ്യരൂപിണീ കരുതേണമേ...

തലനാടിന്നൊളിവീശുമമരസൗഭാഗ്യമേ
ശുഭദായിനീയമ്മ പരമേശ്വരീ
മുപ്പുരം ചുട്ടവൻ  ചാരേ വിളങ്ങുന്ന
കല്ലിടാം കാവിലമ്മേ തൊഴുന്നേൻ...

© കാവാലം ജയകൃഷ്ണൻ

മങ്കൊമ്പിലമ്മ

ചെന്തീ വർണ്ണമോലും -നിന്റെ
ചെന്താമരനയനങ്ങൾ
ചെമ്മേ കണ്ടു വണങ്ങാൻ -എന്റെ
മങ്കൊമ്പിലമ്മേ ഭജിപ്പൂ

മണ്ണിൽ രക്ഷ ചെയ്യും നിൻ
ദിവ്യനാന്ദകമേന്തുന്ന കൈകൾ
എന്നും കാവലായ് നിൽപ്പൂ
ഇവനെന്തിന്നു വേറെ സൗഭാഗ്യം

കയ്യുടയാടയും ചുറ്റി -രക്ത
ബീജന്റെയാശിരസ്സേന്തി
നർത്തനം ചെയ്യുമെന്നമ്മേ
ലോക രക്ഷചെയ്യേണമേ നിത്യം

കണ്ഠഹാരങ്ങളായ് ഘോര -ദൈത്യ
വൃന്ദങ്ങൾ തൻ തലയോട്ടി
ദുഷ്ടവൃന്ദം ഭയക്കുന്ന -രൂപ
മെന്നുമിവന്നു സൗഭാഗ്യം

ഭസ്മം വരഞ്ഞ ഫാലത്തിൽ
വർണ്ണവിസ്മയം തീർക്കും വസൂരി,
മുക്കണ്ണുമെമെന്നെന്നും -ധ്യാന
വിസ്മയം തീർക്കുന്ന രൂപം

കാളീ മനോഹരി നീയേ
മണ്ണിനാധാരമാകും പ്രകൃതി
വിശ്വമെല്ലാം ഭരിച്ചീടും -എന്റെ
വിശ്വനാഥന്റെ മകളേ

ദാരികനെ വധിപ്പാനായ് -ഘോര
വേതാളകണ്ഠത്തിലേറി
വൻഗിരിശൃംഗങ്ങൾ താണ്ടി
എന്റെയമ്മയണഞ്ഞ മുഹൂർത്തം

എന്നുമെൻ ധ്യാനത്തിലുണ്ടേ
നീചരെന്നും ഭയക്കുമാ രൂപം
ശിഷ്ടർക്കു മോദം നിറയ്ക്കും
ചാരുമംഗളശ്രീകരവേഷം

ചെങ്കുരുതി നിണം വാരി -തിങ്ങു
മാമോദമോടെ സേവിച്ചും
വിങ്ങും മനസ്സിന്റെ താപം
ദിവ്യമന്ദസ്മിതത്താൽ വേവിച്ചും

കണ്ണുനീരിൽ നിന്റെ ഖഡ്ഗ -ദ്യുതി
തീർക്കുന്ന വർണ്ണവിന്യാസം
സങ്കടക്കണ്ണീരു മായ്ക്കും -നിത്യ
സാന്ത്വനം നൽകിപ്പുലർത്തും

മങ്കൊമ്പിലമ്മേ തൊഴുന്നേൻ
എന്റെയുള്ളിൽ നിറയുന്ന സത്തേ
ജന്മദുഃഖങ്ങൾക്കു മീതേ -വന്നു
തേൻ മഴ തൂകും പൊരുളേ...

© കാവാലം ജയകൃഷ്ണൻ