Tuesday, November 24, 2015

കണ്ടോ...

ഉരുകുമെൻ ഹൃദയത്തിൻ വ്യഥ നീ കണ്ടോ -മണ്ണിൽ
ഞെരുങ്ങുന്നൊരിട നെഞ്ചുണ്ടതു നീ കണ്ടോ
വനകന്യാഹൃദന്തത്തിൽ കുളിർ പെയ്യുമ്പോൾ
ഉള്ളിൽ, കരിഞ്ഞേ പോം മനസ്സൊന്നുണ്ടതു നീ കണ്ടോ

വിരഹാർദ്രവ്യഥിതമാം ചിന്ത തൻ ചൂടിൽ - നിന്റെ
കളമന്ത്രധ്വനി നെഞ്ചിൽ കനൽ പാകുമ്പോൾ
കനിവേകാനകതാരിൽ സാന്ത്വനം പെയ്യാൻ
പണ്ടേ മറന്നെന്റെ പ്രിയരാഗ മധുമേഘം നീ


നിറം മങ്ങി, സ്വരം വിങ്ങി, പ്രതീക്ഷ മാഞ്ഞു - വിണ്ണിൻ
വർണ്ണമെല്ലാം വന്യമേതോ ഭീതിയിൽ മുങ്ങി
ഇനിയില്ലീ ഭ്രമവർണ്ണമായകൾ കാട്ടും - ഭൂവിൽ
നിമിഷങ്ങൾ, ചാരെ മൃത്യൂകാഹളം കേൾപ്പൂ

© കാവാലം ജയകൃഷ്ണൻ

Monday, November 23, 2015

ജ്ഞാനേശ്വരൻ...

ഭക്തമാനസലോലാ തലനാടി-
ന്നിഷ്ടദേവനാം ജ്ഞാനേശ്വരാ...
മുക്തമാനസം തന്നിൽ നിറയുന്ന
ശുദ്ധപ്രണവസുധാമധുരമേ...

ശിഷ്ടരൊക്കെയും ശിവമന്ത്ര സ്മരണയാൽ
ശക്തീസമേതനെ കാണുവാനണയുമ്പോൾ
വിശ്വനാഥന്റെ വിസ്മയസ്നേഹത്തിൻ
വിസ്തൃതാഹ്ലാദമുള്ളിൽ നിറയുന്നു

ശിവനെ സ്മരിച്ചാൽ ശിവോഹമെന്നുൾക്കാമ്പി
ലുണരുന്ന ബോധമായ് തെളിയുവോനേ
ഹരനെ ഭജിച്ചാൽ മഹാമൃത്യുഭീതിയും
അമരസൗഭാഗ്യമായ് തീർക്കുവോനേ

അറിവിന്റെയാഴിയാമവിടുത്തെ  തിരുമുൻപിൽ
അറിവില്ലാ ബാലകർ ഞങ്ങൾ നിൽപ്പൂ
അമരത്വമേകും മഹാജ്ഞാനബോധത്തെ
യുണർവ്വിൽ നിറയ്ക്കണേ ജ്ഞാനേശ്വരാ

© കാവാലം ജയകൃഷ്ണൻ

വലംപിരി ശംഖിലെൻ...

വലംപിരി ശംഖിലെൻ കണ്ണീരുമായ് നിന-
ക്കർഘ്യം സമർപ്പിക്കാൻ പൂജാരിയണയുമ്പോൾ
വരദേ... നിരാലംബരാകുമീയേഴകൾ
വലയുന്നോരാഴിയിൽ തുഴയാകണേ...

ജനിദുഃഖമമ്മേ മഹാകാനനം ഘോര-
വ്യാഘ്രങ്ങൾ മേവുന്ന ദുരിതായനം
തവപാദസ്മരണയല്ലാതില്ല നിമിഷങ്ങൾ
തളരുമ്പോഴും... ദേഹിയകലുമ്പൊഴും...

കാരുണ്യമില്ലാത്ത മനസ്സുകൾ ജീവിതം
കാലുഷ്യമോടേയുടച്ചിടുമ്പോൾ
കാളീസമേതയായഖിലർക്കുമഭയമായ്
കാരുണ്യരൂപിണീ കരുതേണമേ...

തലനാടിന്നൊളിവീശുമമരസൗഭാഗ്യമേ
ശുഭദായിനീയമ്മ പരമേശ്വരീ
മുപ്പുരം ചുട്ടവൻ  ചാരേ വിളങ്ങുന്ന
കല്ലിടാം കാവിലമ്മേ തൊഴുന്നേൻ...

© കാവാലം ജയകൃഷ്ണൻ

മങ്കൊമ്പിലമ്മ

ചെന്തീ വർണ്ണമോലും -നിന്റെ
ചെന്താമരനയനങ്ങൾ
ചെമ്മേ കണ്ടു വണങ്ങാൻ -എന്റെ
മങ്കൊമ്പിലമ്മേ ഭജിപ്പൂ

മണ്ണിൽ രക്ഷ ചെയ്യും നിൻ
ദിവ്യനാന്ദകമേന്തുന്ന കൈകൾ
എന്നും കാവലായ് നിൽപ്പൂ
ഇവനെന്തിന്നു വേറെ സൗഭാഗ്യം

കയ്യുടയാടയും ചുറ്റി -രക്ത
ബീജന്റെയാശിരസ്സേന്തി
നർത്തനം ചെയ്യുമെന്നമ്മേ
ലോക രക്ഷചെയ്യേണമേ നിത്യം

കണ്ഠഹാരങ്ങളായ് ഘോര -ദൈത്യ
വൃന്ദങ്ങൾ തൻ തലയോട്ടി
ദുഷ്ടവൃന്ദം ഭയക്കുന്ന -രൂപ
മെന്നുമിവന്നു സൗഭാഗ്യം

ഭസ്മം വരഞ്ഞ ഫാലത്തിൽ
വർണ്ണവിസ്മയം തീർക്കും വസൂരി,
മുക്കണ്ണുമെമെന്നെന്നും -ധ്യാന
വിസ്മയം തീർക്കുന്ന രൂപം

കാളീ മനോഹരി നീയേ
മണ്ണിനാധാരമാകും പ്രകൃതി
വിശ്വമെല്ലാം ഭരിച്ചീടും -എന്റെ
വിശ്വനാഥന്റെ മകളേ

ദാരികനെ വധിപ്പാനായ് -ഘോര
വേതാളകണ്ഠത്തിലേറി
വൻഗിരിശൃംഗങ്ങൾ താണ്ടി
എന്റെയമ്മയണഞ്ഞ മുഹൂർത്തം

എന്നുമെൻ ധ്യാനത്തിലുണ്ടേ
നീചരെന്നും ഭയക്കുമാ രൂപം
ശിഷ്ടർക്കു മോദം നിറയ്ക്കും
ചാരുമംഗളശ്രീകരവേഷം

ചെങ്കുരുതി നിണം വാരി -തിങ്ങു
മാമോദമോടെ സേവിച്ചും
വിങ്ങും മനസ്സിന്റെ താപം
ദിവ്യമന്ദസ്മിതത്താൽ വേവിച്ചും

കണ്ണുനീരിൽ നിന്റെ ഖഡ്ഗ -ദ്യുതി
തീർക്കുന്ന വർണ്ണവിന്യാസം
സങ്കടക്കണ്ണീരു മായ്ക്കും -നിത്യ
സാന്ത്വനം നൽകിപ്പുലർത്തും

മങ്കൊമ്പിലമ്മേ തൊഴുന്നേൻ
എന്റെയുള്ളിൽ നിറയുന്ന സത്തേ
ജന്മദുഃഖങ്ങൾക്കു മീതേ -വന്നു
തേൻ മഴ തൂകും പൊരുളേ...

© കാവാലം ജയകൃഷ്ണൻ

എന്റെ കണ്ണന്

കണ്ണാ നീയറിയുന്നേയില്ലെൻ
നെഞ്ചിതിൽ തങ്ങും കദനം
കണ്‍കളിൽ നിന്ന് നീ മാഞ്ഞാൽ
പിന്നെയെന്തിനെനിക്കീ വസന്തം

എന്തിന്നു ചൂടും  കുളിരും -നല്ല
മന്ദസമീരന്റെ പാട്ടും
ഇല്ലില്ല നീയില്ലാതില്ലാ -ലോക
സൗഭാഗ്യമൊന്നുമേ വേണ്ട

അഞ്ജനവർണ്ണത്തിൽ തഞ്ചും -കുഞ്ഞു
മന്ദസ്മിതങ്ങൾ കാണാതെ
അച്ചൊടിതന്നിൽ വിരിയുന്നൊരു
കള്ളച്ചിരികൾ കാണാതെ

വിണ്ടലം കുഞ്ഞുവായ്ക്കുള്ളിൽ -തീർത്ത
ചെഞ്ചൊടിച്ചെണ്ടിൽ മുത്താതെ
എന്തിനീ ജന്മം കഴിപ്പൂ എന്റെ
കണ്ണനെക്കാണാതെ വയ്യ

കൊഞ്ചി നീ ചാരത്തു വന്നാൽ -നിന്റെ
കള്ളപ്പരിഭവം കാണാൻ
കണ്ണിണ ചിമ്മിപ്പറയും -മഞ്ജു
മന്ത്രണത്തിൽ വീണലിയാൻ

എത്രനാളായിക്കൊതിപ്പൂ -എന്നു
മൊന്നിനിക്കാണാൻ കൊതിപ്പൂ
ഒന്നണയില്ലേയെൻ ചാരെ -എന്റെ
കണ്ണിനു കണ്ണായ കണ്ണാ...

© കാവാലം ജയകൃഷ്ണൻ

കണ്ണനെ കാണാതെ വയ്യ

കണ്ണനെ കാണാതെ വയ്യ
കണ്ണന്റെ, കാർമുകിൽ വർണ്ണന്റെ
പുല്ലാങ്കുഴൽ വിളി കേൾക്കാതെ വയ്യ
കണ്ണനെ കാണാതെ വയ്യ

അഴകോലുമാ മുഖം കാണാതെ വയ്യ
അരമണിയിളക്കങ്ങൾ കേൾക്കാതെ വയ്യ
അഴകലയിളകും പീതാംബരം കാണാതെ
അഗതികൾക്കുടയോന്റെ പുഞ്ചിരി കാണാതെ
അതിരളവില്ലാത്ത കാരുണ്യം തേടാതെ
അരുമക്കണ്ണൻ കളിക്കൊഞ്ചലിൽ മയങ്ങാതെ
അവിൽപ്പൊതിക്കൊതിയന്റെ കണ്ണേറു കൊള്ളാതെ
അഞ്ജനവർണ്ണന്റെ തഞ്ചങ്ങളറിയാതെ
നെഞ്ചകം കലങ്ങുമ്പോഴൊന്നിനും വയ്യ
കണ്ണനെ കാണാതെ വയ്യ

മോഹനവർണ്ണനെ കാണാതെ വയ്യ
മായങ്ങളിൽ വീണു മയങ്ങാതെ വയ്യ
മാനസലോലന്റെ മന്ത്രങ്ങളറിയാതെ
മായക്കണ്ണാൽ കള്ളനാട്യങ്ങൾ കാണാതെ
മായികപ്പീലിതൻ വർണ്ണങ്ങൾ തേടാതെ
മാന്ത്രികക്കൊഞ്ചലിൽ എല്ലാമേ മറക്കാതെ
മോഹനരാഗത്തിൽ പാട്ടൊന്നു കേൾക്കാതെ
മന്ദഹാസത്തിന്റെ മാധുര്യമറിയാതെ
കണ്ണുകൾ നിറയുമ്പോഴെൻ കണ്ണാ വയ്യ
കണ്ണനെ കാണാതെ വയ്യ

ഗോപികാരമണനെ കാണാതെ വയ്യ
ഗോപീചന്ദനക്കുറി കാണാതെ വയ്യ
ഗാനവിലോലൻ തന്റെ ഗീതത്തിലലിയാതെ
ഗോവർദ്ധനോദ്ധാരലീലയെ കേൾക്കാതെ
ഗൂഢമന്ദസ്മിതപ്പൊരുളിൽ രമിക്കാതെ
ഗാഢനീലോത്കൃഷ്ടവർണ്ണത്തിൽ മയങ്ങാതെ
ഗീതാർത്ഥസാരന്റെ സാമീപ്യമറിയാതെ
ഗോകുലക്കണ്ണന്റെ കളികളൊന്നറിയാതെ
ഗാണ്ഡീവധാരി തൻ തോഴനെ കാണാതെ
ഒന്നിന്നു കാണാതെ, കാണാതെ വയ്യ
കണ്ണനെ കാണാതെ വയ്യ

© കാവാലം ജയകൃഷ്ണൻ

Friday, November 20, 2015

മരണപത്രം!

നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ടിങ്ങനെ
അന്ത്യചുംബനം നൽകുന്നകുഞ്ഞിനും
ഉള്ളിലുണ്ടൊരു തീജ്ജ്വാലയോർക്കുക
ശത്രുവേ... നീ മരിക്കാനൊരുങ്ങുക

രാഷ്ട്രക്ഷേമാർത്ഥമേകിയ ജീവന്റെ
യുൾത്തുടിപ്പുകൾ സിരയിൽ തുടിക്കുന്ന
ഒന്നു പത്തല്ല നൂറല്ല കോടികൾ
കാത്തു നിൽക്കുന്നു കാവലായ് മണ്ണിതിൽ

കാത്തു ഭീതിയിൽ വിറകൊണ്ടിരിക്കുക
കത്തിയഗ്നിയിൽ തീർന്നു പോയില്ലവൻ
ചാരകമ്പളം മൂടിക്കിടക്കുന്ന
താപമേറും കനൽക്കട്ടയാണവൻ

കത്തുമൂഷരഭൂമിയിൽ കാശ്മീര-
ധവളഗംഭീരസമരമുഖങ്ങളിൽ
കാനനത്തിൽ, കടൽത്തിരമാലയിൽ,
ഗഗനവീഥിയിൽ കത്തിപ്പടർന്നവർ

പൊലിയുകില്ലുഗ്ര വീര്യം നിറച്ചൊരീ
അമരഭൂമിതൻ സൈന്യതപോബലം
അണയുമോരോയരിക്കും നിരന്തരം
അണിയാൻ മൃത്യുതൻ കമ്പളം തീർപ്പവർ

സഹജനങ്ങൾക്കു സൌഖ്യം കൊടുപ്പവർ
സഹജരാണവർ ഭാരതമക്കൾക്ക്
മറവിയിൽ നീ പൊതിഞ്ഞീടിലീ സത്യം
മരണഹേതുകം നിശ്ചയം ചൊല്ലിടാം

© കാവാലം ജയകൃഷ്ണൻ


Wednesday, November 04, 2015

മങ്കൊമ്പിലമ്മ


ഹൃദയ വേദന താങ്ങുവാനാകാതെ
ഹൃദയവാസിയാം മങ്കൊമ്പിലമ്മേ നിൻ
സുകൃതദായിയാം തൃപ്പാദം കാണുവാൻ
കൃപ നിറഞ്ഞിടും നടയിലെത്തീടവേ



അരിയ പുഞ്ചിരിയോടെയാ വാത്സല്യ
നിറകുടമാം മുഖാംബുജം കാണവേ
സകല ദുഃഖവും പാടേ മറന്നമ്മേ
മിഴി നിറയുന്നിതാനന്ദധാരയാൽ


ഇനിയുമെന്തേയമാന്തമെൻ ശ്രീ നിധേ
പതിതർ ഞങ്ങൾ തൻ കണ്ണീർ തുടയ്ക്കുവാൻ
ഗിരിജേ നിത്യം നിനയ്ക്കുന്നു നിൻ പദം
വരമരുളുക കാരുണ്യശാലിനീ...

© കാവാലം ജയകൃഷ്ണൻ

കല്ലിടാംകാവിലെ കാരുണ്യമേ...

കല്ലിടാംകാവിലെ കാരുണ്യമേ - സർവ്വ
കല്മഷം മായ്ക്കുന്ന കാർത്യായനീ
കണ്ണുനീർ ധാരയാൽ തൃപ്പാദം കഴുകിടാം
കരുണയോടൊന്നിങ്ങു നോക്കീടണേ...

വേദനയേറുമീ വേപഥു കാണവേ
വേദാർത്ഥസാരമേ ദയ തോന്നണേ
വേവും മനസ്സുമായവിടെ വന്നണയുമ്പോൾ
പതിയോടു ചേർന്നു നീ വരമേകണേ...

ഇഹലോകദുരിതങ്ങളകലുവാൻ നിത്യവും
തവപൂജ ചെയ്തിടാം പരമേശ്വരീ
ഇഹപര സുഖദാനശീലയാം തലനാടിൻ
വരദായിനീ നിത്യം കൈതൊഴുന്നേൻ

© കാവാലം ജയകൃഷ്ണൻ

മകൾ

ആർദ്രമാമശ്രുവായൊഴുകുന്നൊരോർമ്മയിൽ
കൊഞ്ചിച്ചിരിക്കുന്ന പൊന്നുമോളാണു നീ...
നോവിന്റെ ക്ഷീരസമുദ്രം കടഞ്ഞച്ഛ-
നാദ്യമായ് നേടിയ സായൂജ്യമാണു നീ...

ഏതൊരബോധ വികാരതലത്തിലും
ഏതു നോവിന്റെയനന്തതപത്തിലും
ഏതു മഹാദുരിതായന വഴിയിലും
ഏകനായ് തിരയുന്ന സർവ്വസ്വമാണു നീ...

ഏതുവികാരോന്മത്തതീക്ഷ്ണ ഭാവത്തിലും
അമൃതം പൊഴിക്കുന്ന ശാന്തതയാണു നീ
ഏതന്ധകാരത്തിലും, മഹാമൃതിയിലും
ശോഭതൂകീടുന്ന നെയ്‌വിളക്കാണു നീ...

ഏതുസമാധിതൻ ബോധോദയത്തിലും
ഏതു തപസ്സിന്റെ പാരമ്യതയിലും
ഏതൊക്കെ ജന്മസാക്ഷാത്കാരനിറവിലും
പ്രാണൻ തിരയുന്ന സാരാർത്ഥമാണു നീ...

 © കാവാലം ജയകൃഷ്ണൻ

ഇക്കണ്ണാലച്യുതാ നിന്നെ

ഇക്കണ്ണാലച്യുതാ നിന്നെ - കാണാ
നുണ്ടേയെനിക്കൊരു മോഹം
ഒട്ടല്ല മോഹമതെന്നാൽ തെല്ലു
മയ്യോ വഴി തിരിയില്ലേ...

എത്രയോ മാമുനിവൃന്ദം -പാരി
ലങ്ങേതിരഞ്ഞു നടന്നു
എങ്കിലും ഹേ കള്ളക്കണ്ണാ
നിന്റെ വൈഭവമാർക്കു തിരിഞ്ഞു...

ഭാഗവതത്തേൻ നുണഞ്ഞാൽ - ഉള്ളി
ലോടിയെത്തുന്ന നിൻ രൂപം
ഒന്നിനി കാണാൻ കൊതിപ്പൂ കണ്ണാ
ഓടിവരില്ലേയെൻ ചാരെ...

ഇക്കൊടും ഭീതിദലോകേ നിന്റെ
ചിന്തയില്ലാതൊരു നേരം
അയ്യോ നിനയ്ക്കിലോ വയ്യാ - എന്റെ
കണ്ണനാമുണ്ണീ നീ വായോ

© കാവാലം ജയകൃഷ്ണൻ

കാളി!

കാളീകടാക്ഷം തിരഞ്ഞു തിരഞ്ഞു ഞാൻ
കാവുകൾ തോറും അലഞ്ഞു
കാടകം പൂകിയ ചിന്തതൻ വാല്മീക-
മുള്ളിലും നിന്നെ തിരഞ്ഞു
താപം ജ്വലിപ്പിക്കുമന്തരംഗത്തിലായ്
ദീപം പകർന്നമ്മ വന്നു
ആ സ്നേഹപീയൂഷധാരയാമമ്മ തൻ
മടിയിണ പൂകി ഞാൻ തേങ്ങി...
എന്നെയൊന്നങ്ങു ചേർക്കുവാൻ കെഞ്ചി...


© കാവാലം ജയകൃഷ്ണൻ

കാളീ കമലാക്ഷീ

കാളീ കമലാക്ഷീ ചാരു -
മംഗളേ ശ്രീ കലാവതീ
സത്യേ... സകലഗുണാത്മികേ
നിത്യ മുക്തേ, ഭക്തവത്സലേ
അറിവിന്നാധാരമേ നിത്യ
ജ്ഞാനസൗഭാഗ്യദായിനീ
നിറവാർന്നുള്ള  മണിദ്വീപേ
നിറയും സൌന്ദര്യ ദീപമേ
ത്രിപുരങ്ങൾക്കുമഴകാകും
ത്രിപുരേശീ നിന്റെ കാൽക്കലായ്
അടിയുന്നമ്മേ മമ ജീവൻ
അടിയോർക്കാശ്രയ ദായികേ...

© കാവാലം ജയകൃഷ്ണൻ

ഒരു കീർത്തനം

കല്ലിടാംകാവിലെ കൽവിളക്കൊന്നിൽ മനം
കരിന്തിരിയായെരിയുന്നു
കരുണാരസലോലയവിടുത്തെ തിരുമുമ്പിൽ
കർപ്പൂരമായുരുകുന്നു  - ഇവൻ
കണ്ണീരായ് വീണടിയുന്നു...

കാമനെ കത്തിച്ച കാന്തന്റെയണിയത്ത്
കാരുണ്യക്കടലേ നീയമരുമ്പോൾ
കണ്ണുനീർ തോരാത്ത കവിളുമായടിയങ്ങൾ
കാലടി തേടിയങ്ങെത്തുന്നു
തൃച്ചേവടിയിൽ നിത്യം അടിയുന്നു

നെയ്‌വിളക്കല്ല പുഷ്പ്പാഞ്ജലിയല്ലമ്മേ
കണ്ണുനീരാണിന്നു നൈവേദ്യം - ഉള്ളിൽ
കത്തുന്നൊരാഴിയാലാരതിയുഴിയുമ്പോൾ
നോക്കാതിരിക്കുവാനാമോ
ഈ നെഞ്ചകം കാണാതിരിക്കുവാനാമോ

ഉള്ളിലൊരായിരം കമ്പവിളക്കുകൾ നിൻ
കാർത്തികക്കാഴ്ച്ച ചമയ്ക്കുമ്പോൾ
ശ്രീദേവിയൊന്നിങ്ങു ചാരത്തു വന്നെങ്കിൽ
സാർത്ഥകമമ്മേയീ ജന്മം - നിന്റെ
ദാസനിന്നവലംബം നീയേ...

© കാവാലം ജയകൃഷ്ണൻ

മൃത്യുഗീത !

അഗ്നിസ്ഫുലിംഗങ്ങളായിരം നാവുമാ-
യച്ഛന്റെ മന്ത്രം ജപിക്കേ,
അഞ്ചു ഭൂതങ്ങളും നിന്നിൽ സമർപ്പിച്ചു
പോകുന്നിതാ നിന്റെ പുത്രൻ !

ശിവമന്ത്രമുണരുന്ന മലയിൽ, സാമ-
ഗീതം മുഴങ്ങുന്ന വിണ്ണിൽ, പഞ്ച-
പാപങ്ങളാഹൂതിയാകുന്ന ഹിമശൈല
ഗേഹത്തിലെത്താൻ കുതിപ്പൂ
ദേഹി, ദേവന്റെയാ ശൈലശിഖരത്തി
ലൊരു മഞ്ഞു കണമായ് തപം ചെയ്തിടട്ടേ...

ഭാരം ചുമന്നും, കിതച്ചും കനൽച്ചൂടി-
ലാകെത്തളർന്നും വലഞ്ഞും; സ്നേഹ-
പാശത്തിലർത്ഥമില്ലാതാണ്ടു നാളുകൾ
നാകം തിരഞ്ഞും തളർന്നും,

മോഹഭംഗങ്ങളിൽ, നഷ്ടബോധങ്ങളിൽ
ചിത്തമെന്തിനോ വേണ്ടിത്തപിച്ചും- ദുരാഗ്രഹ
ത്തീജ്ജ്വാലയേറ്റുള്ളു വെന്തും,
വ്യർത്ഥ ജന്മത്തിനർത്ഥംഗ്രഹിക്കാതെ
യുന്മത്തവിഡ്ഢിസ്വർഗ്ഗങ്ങൾ മെനഞ്ഞും
കാലഗതിയിൽ, നിശാസ്വർഗ്ഗവടിവിൽ,
മദോന്മത്തനിനവിൽ, മദാലസാഭ്രമിതമായ്
കാലം കഴിച്ചുണ്മയറിയാതെ, നിനയാതെ,
യുണരാതെ, നിവരാതെ, നിഴലാം ജഢത്തിൽ
മദാഗ്നിയൊന്നുറയാതെ; യിരുളിൽ രമിക്കാതെ
യുണരുന്ന ബോധമായ് ജ്ഞാനാർത്ഥ സാരമാം
ശിവരൂപമണയട്ടെയമ്മേ....
യാത്രചോദിച്ചു നിൽപ്പു നിൻ പുത്രൻ ....

യാമയാനം കുതിച്ചെത്തുന്നു ദേവന്റെ
ഢമരുവിൻ താളം തളിർക്കുന്നു ചാരെ
തുടി കേട്ടുണർന്നുറഞ്ഞാടുന്ന ഫണിയിതാ
ആധാരഭേദ്യം നടത്തുന്നു, മുകളിലേ-
യ്ക്കാമോദമോടെ കുതിപ്പൂ...
മാംസ ജഡിലമാമോർമ്മകൾക്കന്ത്യം
കുറിച്ചു കൊണ്ടത്യുച്ച വേഗം ചരിപ്പൂ...

ഭൌമ ബന്ധനം കാലകാലന്റെയത്യുഗ്രമാം
നേത്രാഗ്നിയിൽ ഭസ്മമാകേ;
കാറ്റു കർപ്പൂരഗന്ധം പരത്തുന്നു, ധമനികൾ
സീൽക്കാരമോടേ ത്രസിക്കുന്നു, സിരകളിൽ
മായം കലർന്നും കൊടുംവ്യാധിയേറ്റും,
നിരർത്ഥമാം സ്വപ്നസന്താപം തിളച്ചും
വരണ്ടുഗ്ര ഹാലാഹലത്തിൻ നിറം പകർന്നും
സപ്തധാതുക്കളഞ്ചായ് പിരിഞ്ഞു പഞ്ചേന്ദ്രിയ
ധർമ്മബോധത്തെ ഹനിച്ചും -  നിരന്തരം
മൃതിയെ തപം ചെയ്ത രക്തകോശങ്ങളിൽ
പ്രണവചൈതന്യം സ്ഫുരിക്കുന്നു
വികസിതോർജ്ജാവേഗ വേഗം നവരന്ഥ്ര
പന്ഥാക്കളിൽ ജീവനണയ്കയായ്

പ്രാണഗമനങ്ങളിൽ ശിവനേ... ജപിച്ചുകൊ-
ണ്ടണയട്ടെ തവ ശൈലമുകളിൽ, നിത്യ-
സത്യമാം കൈലാസനെറുകിൽ
ചിദാനന്ദ സാരത്തിനുറവയാം പൊരുളിൽ...

© കാവാലം ജയകൃഷ്ണൻ

പിരിയുന്നതിൻ മുൻപേ...

പൂ മുഖമൊന്നിനി വാടാതിരുന്നെങ്കിൽ
ശശിലേഖയൊന്നൊളി മങ്ങാതിരുന്നെങ്കിൽ
ഒരുവേള യാത്ര ചൊല്ലും നേരമെന്നുടെ
വിറയാർന്ന കണ്ഠമൊന്നിടറാതിരുന്നെങ്കിൽ...

വിരഹതാപം സഹിയാതെയീ പൂങ്കുയിൽ
മധുഗാനമാലിക മതിയാക്കിടുമ്പൊഴും
അകലേയ്ക്കു ചിറകടിച്ചകലുമ്പൊഴെങ്കിലും
അതു നിന്റെ കൺകളിൽ പ്രതിഫലിച്ചീടുമോ

ഇനി നേരമില്ലെന്നു പകലു ചൊല്ലിത്തന്ന
പരമാർത്ഥ ചിന്തകൾ മംഗളം പാടവേ
ഇനി വരും ജന്മത്തിലണിയുവാൻ നീ തന്ന
മണിമുത്തുമോതിരം അണിയാതെ പോകയായ്

അണയുകയായ് സന്ധ്യാംബരവീഥിയിൽ തവ
മധുരാനനം കാത്തു വച്ചൊരീ നെയ്ത്തിരി
പിരിയുന്ന വേളയിൽ തകരുമീ ഹൃദയത്തി-
ലിനിയേതു ഗീതം കരുതണം പ്രിയ സഖീ...

© കാവാലം ജയകൃഷ്ണൻ

പറഞ്ഞു തീരാത്ത കഥ!

പണ്ടെത്ര നേരം പറഞ്ഞാലും തീരാത്ത
കഥകളുണ്ടായിരുന്നൂ നമുക്കായ്
പണ്ടെത്ര നേരമാ കൺകളിൽ നോക്കിലും
തീരാക്കിനാക്കളുണ്ടായിരുന്നൂ

പണ്ടെത്ര കൈപിടിച്ചാ വനച്ഛായയിൽ
ചാറ്റൽമഴയത്തു ഞാൻ നടന്നൂ
പണ്ടത്തെയാമലർത്തോപ്പിലെ സ്വച്ഛന്ദ
സ്വപ്നങ്ങളെത്ര മനോഹരങ്ങൾ

ആ മധുവാസന്തകാലം കഴിഞ്ഞുഗ്ര
വേനലിൻ ചൂടിലുരുകും മനം
വേപഥുചിന്തി, മനസ്സുഗ്രതാപത്തിൽ
വേവുന്നൊരോർമ്മതൻ രൂപമായി

താനേ സുധാരസഗീതം പൊഴിച്ചൊരെൻ
രക്തകോശങ്ങൾ തുരുമ്പെടുക്കേ
വീണുറങ്ങുന്ന ഗതചിന്തയാത്മാവി-
ലാളും ചിതയൊന്നിൽ ഭസ്മമാകേ

താഴിട്ടു പൂട്ടിയ വാതായനങ്ങൾക്കു
ചാരെ നിൻ രൂപമെൻ കൺകൾ തേടും
ഇനി വരും ജന്മങ്ങളാ മുഗ്ധരൂപത്തിൻ
തപ്തസ്മൃതികളിൽ പൂത്തു നിൽക്കും

© കാവാലം ജയകൃഷ്ണൻ

പശുപതീ കൈതൊഴാം

പശുപതീ കൈതൊഴാം കേൾക്കുമാറാകണം
 പ്രാന്തനാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ കാമമുണ്ടാക്കുമാറാകണം
 നാണമില്ലാത്തോനാകാൻ ബോധം കളയണം

 ആരെയും ചുംബിക്കാൻ ത്രാണിയുണ്ടാക്കണം
കാണുന്നോർക്കൊക്കെയും പുച്ഛമുണ്ടാക്കണം
അമ്മയേം പെങ്ങളേം കാമുകിയാക്കണം
അമ്മൂമ്മയിൽ പോലും കണ്ണു വയ്പ്പിക്കണം

തോന്ന്യവാസങ്ങൾക്കു ജീവനുണ്ടാക്കണം
ആരെയും നിന്ദിക്കാൻ ശക്തിയുണ്ടാക്കണം
 പെരുവഴി പോലുമെൻ മണിയറയാക്കണം
അവിടെല്ലാം പെണ്ണുങ്ങൾ കേറി നിരങ്ങണം

ചാനലിലെല്ലാം ഞാൻ ഓണമായ് മാറണം
എൻ തലക്കുള്ളിൽ നീ ഓളം നിറക്കണം
നിത്യം കുടിക്കുവാൻ കള്ളു നൽകീടണം
കൂടെ കുടിക്കുവാൻ കോതമാർ കൂടണം

ദൈവത്തെ നിന്ദിക്കാൻ താൽപര്യമേറണം
 ദൈവകാര്യങ്ങൾക്കു ഞാൻ പാരയായ് മാറണം
നാട്ടിൽ സദാചാരമമ്പേ നശിക്കണം
നാട്ടുകാർക്കൊക്കെ ഞാൻ ഹീറോയായ് മാറണം

നാണമില്ലായ്മയെൻ ഭൂഷണമാകണം
നാറികളാം ജനം നാണിച്ചു പോകണം
പശുപതീ കൈതൊഴാം കേൾക്കുമാറാകണം
പ്രാന്തനാമെന്നെ നീ കാക്കുമാറാകണം

©കാവാലം ജയകൃഷ്ണന്‍

പാരിജാതം പൂത്ത കാലം

പറഞ്ഞില്ല ഞാനൊന്നുമറിഞ്ഞില്ല നീയുമാ
പാരിജാതം പൂത്ത കാലം - ഉള്ളിൽ
പാൽനിലാവൊളി വീണ പ്രായം
അറിയാതെ പാടിയെൻ ഹൃദ്‌തന്ത്രികൾ പോലും
ആരിവളെന്നു തിരഞ്ഞു
ഒന്നും പറയാതെ ഞാനും നടന്നു

നിൻ വളക്കൊഞ്ചലിൻ താളമായ് മാറി ഞാ-
നെന്നെ മറന്നൊരാ കാലം
എന്തൊക്കെ സ്വപ്നങ്ങളായിരുന്നന്നു നീ
എന്നിൽ നിറഞ്ഞ തേൻസത്തേ

എത്ര ഋതുക്കൾ കഴിഞ്ഞാലുമെന്നുമെൻ
ഉള്ളിൽ നിനക്കു താരുണ്യം
എത്ര യുഗങ്ങൾ കഴിഞ്ഞാലുമെപ്പൊഴും
എന്നും നീയെന്റെ സായൂജ്യം

എത്ര ജന്മങ്ങൾ തപസ്സിരുന്നീടണം
പുണ്യവതീ നിന്റെ രൂപം
എന്നുമെപ്പോഴുമെൻ ചാരത്തു തന്നെയായ്
വന്നണഞ്ഞീടുവാൻ ദേവീ...

© കാവാലം ജയകൃഷ്ണൻ