Tuesday, October 23, 2012

തിരികെയെത്തും എന്ന് വാഗ്ദാനം ചെയ്ത പെണ്ണിനേക്കുറിച്ച് ഒരു സന്യാസി പാടുന്നു... (ചുമ്മാ)


നീ വരും നാളെകളെന്നുമെന്‍ കണ്ണിന്റെ -

യൊരു തുള്ളി വെട്ടത്തില്‍ ചേര്‍ത്തു വയ്ക്കാം
അണിമലര്‍ കോര്‍ത്തൊരു ചേലൊത്ത കൊലുസിന്റെ
യരിയകൊഞ്ചലുകള്‍ ഞാന്‍ കാത്തിരിക്കാം

ഇളവെയില്‍ വീണ നിന്‍ മുഖവര്‍ണ്ണകാന്തിയാല്‍
സുരലോകമൊന്നു നീ തീര്‍ത്തു വയ്ക്കേ
അറിയുന്നിതാത്മരഹസ്യമൊന്നിന്നു ഞാ-
നിവള്‍ തന്നെയെന്റെ സുഭാഗ്യതാരം

ചിതറിയ കുന്തള ഭാരമൊരഴകിന്റെ
വനഭംഗിയെന്നില്‍ പകര്‍ന്നു നല്‍കേ
അരിയ തേന്‍ ചുണ്ടില്‍നിന്നൊഴുകുന്ന ഹാസമെന്‍
കുന്തളത്തില്‍ തേന്‍ പകര്‍ന്നു നല്‍കേ

അനുദിനം മനസ്സിന്റെ ശ്രീലകത്തൊരു വേള-
യമരുന്ന ദേവി തന്‍ ദര്‍ശനം പോല്‍
ധ്യാനാര്‍ത്ഥമോഹിനീ ഏകാന്തയോഗിഞാ-
നറിയുന്നിതെന്റെ സന്യാസസാരം !



© 
ജയകൃഷ്ണന്‍ കാവാലം