Tuesday, April 05, 2011

പ്രവാസസത്യം!

എണ്ണയൊഴുകും ഞരമ്പുകൾ മണ്ണിന്റെ
ഉഷ്ണകമ്പളം മൂടിത്തുടിക്കുമീ
ഊഷരസ്വപ്നഭൂമിയിലാണെന്റെ
യൌവ്വനം നോറ്റ നോമ്പിന്റെ നോവുകൾ

ദൂരെയർക്കൻ തിളച്ചിറ്റു തൂവുമീ
തീവെയിലിന്റെ തീക്ഷ്ണസംസർഗ്ഗത്താൽ
അലയൊടുങ്ങാക്കരളിൻ കയങ്ങളിൽ
കനിവു വറ്റി വരണ്ടു കിടക്കയായ്

ഹരിതമോഹം വിളിക്കുന്ന തീരത്തി-
നിപ്പുറം വേർപ്പുചിന്തിക്കിതയ്ക്കയാ‌-
ണവധിയില്ലാപ്രയാണമധ്യത്തിലായ്
തിരികെയാത്രയ്ക്കൊരുങ്ങുന്ന മാനസം

വെന്ത മണ്ണിൽ വിറയ്ക്കുന്ന പാദങ്ങൾ
ജീവിതം കണ്ടു വേച്ചു വേച്ചങ്ങനെ
നാൾ‌വഴികൾക്കു മുന്നേ നടക്കുവാൻ
വേഗവേഗം കുതിക്കാൻ ശ്രമിക്കയായ്

മരുവു തന്നിലെ ഭാഗ്യങ്ങൾ തേടിയി-
ങ്ങെത്തിടുന്നുണ്ടു ഹതഭാഗ്യരിപ്പൊഴും
കാൺ‌മതീലവർ മനസ്സിന്റെ നൊമ്പരം
‘അത്തർ’ പൂശിയടക്കും ജനങ്ങളെ

© ജയകൃഷ്ണൻ കാവാലം

Wednesday, March 23, 2011

സ്വപ്നാടനം (ആലാപനം)

Get this widget | Track details | eSnips Social DNA



പണിക്കർ സാറിന് ഹൃദയപൂർവം നന്ദി അറിയിക്കുന്നു...

Tuesday, March 15, 2011

സ്വപ്നാടനം..

കാലപ്രവാഹത്തില്‍ ദൂരേയ്ക്കു നീളുന്ന
മായാമരീചികപോലേ
മായുന്നു വീണ്ടും തെളിയുന്നിതോര്‍മ്മയില്‍
നോവും കിനാക്കളേ നിങ്ങള്‍

തീരാത്ത നോവിന്റെ വേദിയില്‍ ജീവിത
നാടകമാടുന്നു ഞാനും
തീരത്തടുക്കാന്‍ വിസമ്മതം മൂളുന്ന
മുങ്ങുന്ന പായ്ക്കപ്പല്‍ പോലേ

ഏതോ കിനാവിന്‍ ഞരക്കത്തിലെന്നുമെന്‍
മൌനം വിതുമ്പുന്ന മന്ത്രം
ഏതുച്ച രാവിന്നസ്വസ്ഥസ്വപ്നത്തി-
ലര്‍ത്ഥം തിരയുന്നു നിത്യം

ഏതര്‍ത്ഥഗര്‍ഭമാം നീതിക്കു വേണ്ടിയീ
ഭേദ്യം സഹിക്കുന്നു നിത്യം
ഏതൊരപൂര്‍വ സൌഖ്യം തിരഞ്ഞിന്നുമെന്‍
യാത്ര തുടരുന്നു നീളേ...

© ജയകൃഷ്ണന്‍ കാവാലം

Monday, January 31, 2011

പാഴ്മരം പാടുന്നു

വേദനിക്കുന്ന നെഞ്ചില്‍ കിളിര്‍ത്തൊരു
വേരുറപ്പുള്ള പാഴ്മരമാണു ഞാന്‍
വേനല്‍ വന്നുഗ്രതാപമേകീടിലും
ഉറവ വറ്റാത്ത കണ്ണുനീരാണു ഞാന്‍

ദുഃഖചിന്തകളുള്ളില്‍ പരസ്പരം
പകിടപന്ത്രണ്ടുരുട്ടിക്കളിക്കവേ
പകുതിയായൊരെന്നായുസ്സിനൊപ്പമെന്‍
ശിഖരകമ്പനം ശിഥിലമായീടവേ

വികൃതജീവിത കഷ്ടകാണ്ഡങ്ങള്‍ തന്‍
സ്മൃതികള്‍ വീണ്ടും വികൃതി കാണിക്കവേ
വിജനമജ്ഞാതമാമീ തുരുത്തില്‍ ഞാന്‍
പൂവിടാന്‍ കാത്തു കാത്തു നില്‍ക്കുന്നിതാ

അരുതരുതെന്‍ കടയ്ക്കല്‍ പതിക്കുവാന്‍
പരശു തീര്‍ക്കുന്ന ദുഷ്ടവ്യാപാരമേ
പകരമെന്തിനി നല്‍കണം, ജീവനായ്
ഗുണമിയലാത്തൊരെന്റെ പാഴ്ദേഹമോ???

സഫലമാവാത്തൊരെന്റെ സ്വപ്നങ്ങളോ?
ഇടയിലോര്‍മ്മതന്‍ ദീര്‍ഘനിശ്വാസമോ?
പലര്‍ പറിച്ചൊരെന്നാത്മപുഷ്പങ്ങളോ?
ഇനിയുമറിയാത്ത താതവാത്സല്യമോ?

വിജന വീഥിയിലാര്‍ നട്ടു പണ്ടെന്നെ?
പകലില്‍ വാടാതെ നീര്‍ തന്നതമ്മയോ?
പക ജ്വലിക്കുന്ന ലോകസഞ്ചാരത്തില്‍
തണലു തേടിയിങ്ങെത്രപേര്‍ വന്നു പോയ്...?

പകരമൊന്നും കൊതിക്കാതെയെത്രയോ
പകലുകള്‍ക്കുഷ്ണശാന്തി പകര്‍ന്നു ഞാന്‍
ഇരവിലെത്രയോ നഷ്ടസ്വപ്നങ്ങളാം
കിളികള്‍വന്നെന്നിലഭയം തിരഞ്ഞു പോയ്

ഇനിയുമാശതന്‍ പൂഞ്ചില്ല വീശിയീ
പുലരികള്‍ക്കഭിവാദനമേകുവാന്‍
പുതുജനങ്ങള്‍ക്കു തണല്‍ വിരിച്ചീടുവാന്‍
തരിക വിധിയേ... എനിക്കുമീ ജീവിതം...


© ജയകൃഷ്ണന്‍ കാവാലം