Wednesday, May 27, 2009

അപ്രിയസത്യം

അതു രാത്രിയായിരുന്നു
അവള്‍ വന്നതു സത്യമായിരുന്നു
ഇതു നക്ഷത്രങ്ങള്‍ പറഞ്ഞതാണ്
എന്‍റെ കിനാവുകള്‍ക്കു കൂട്ടിരുന്ന താരകള്‍ !
അവര്‍ പറയുന്നതു കള്ളമാവില്ല
അവരുടെ ചിന്തകള്‍ക്ക് എന്നേക്കാള്‍ ഉണര്‍വ്വുണ്ട്‌
പുലരിയേക്കാള്‍ ഉണ്മയുണ്ട്‌
പക്ഷേ അവസാനം?
അതു മാത്രം നക്ഷത്രങ്ങള്‍ പറഞ്ഞില്ല
എന്തു കൊണ്ടോ... അതു മാത്രം...
എത്ര ചോദിച്ചിട്ടും കണ്‍ചിമ്മിയതല്ലാതെ
ഒന്നും പറയാന്‍ അവര്‍ തയ്യാറല്ല
അപ്രിയസത്യം പറയാതിരിക്കുന്നതല്ലേ ഭേദം?

© ജയകൃഷ്ണന്‍ കാവാലം

Tuesday, May 12, 2009

രാധികേ, കാലം വിളിക്കുന്നു നിന്നെ...



രാധികേ...നിറവാര്‍ന്നു നില്‍ക്കുമുഷസ്സിന്‍റെ
ദേവതേ...നിന്‍ സൌമ്യസാന്ത്വനസ്പര്‍ശമെന്‍
ജീവനില്‍ പകരുന്നൊരായിരം നന്‍‍മതന്നുണ്മയെന്നും
അന്നു ഞാനൊരു ചെറു ലതയായിരുന്നതി-
ലെന്നും തലോടിയിരുന്നു നീ...
ജന്‍‍മം കഴിഞ്ഞു കലിയുഗത്തില്‍ ഒരു
മനുജനായ് പിറവി കൊണ്ടപ്പോള്‍
നിത്യ ദുഃഖത്തില്‍ വലയുന്ന മര്‍ത്യര്‍ തന്‍
വ്യര്‍ത്ഥ ജന്‍‍മങ്ങളെ കാണ്‍കേ
കാംക്ഷിപ്പു ഹാ സ്നേഹ ദേവതേ
നിന്‍ ദിവ്യ സാന്നിദ്ധ്യമിവിടെയുണ്ടെങ്കില്‍

രാധികേ ഋതുമാറി,കാലം കുതിക്കവേ
മാറാതെയിന്നും എവിടെ വാഴുന്നു നീ
നഷ്ടസ്വപ്നത്തിന്‍ വിഴുപ്പുഭാണ്ഡങ്ങളില്‍,
വ്യര്‍ത്ഥവിശ്വാസത്തിന്‍ നാലമ്പലങ്ങളില്‍,
കപടഭക്തി മൂഢവേദാന്തമായ് പരിണമി-
ച്ചാത്മാവറിയാതെ നെറ്റിയില്‍ ചാര്‍ത്തിയ
ഊര്‍ദ്ധ്വപുണ്ഡ്രങ്ങളിലെങ്ങുമേയില്ല നീ...
ജീവനെ കാമം ദഹിപ്പിച്ചിടുന്നൊരീ
ദേഹമാം ചുടലപ്പറമ്പിലുമില്ല നീ...
ലോകസ്ഥിതിതന്‍ വ്രണിതമാം നേര്‍ക്കാഴ്ച
കാണുന്ന കണ്ണിലുമില്ല നീ...

രാധികേ ഒരു നേര്‍ത്ത തേങ്ങലായ്,
വിങ്ങുമിടനെഞ്ചിലുറവയായന്നാത്മ
വേദനയൊഴുകിയ നിന്‍ കണ്ണുനീര്‍ത്തുള്ളിയില്‍
കാണുന്നു ഹാ; മഹാകാവ്യങ്ങളില്‍,
സ്നേഹ മാനങ്ങളില്‍, ലോക ചരിതങ്ങ-
ളെന്നുമനന്തമാമാകാശ വീഥിയിലൊരു
പൊന്‍താരമായ് വാഴ്ത്തിയ
നിസ്തുലപ്രേമത്തിന്നായിരമനന്തമാം
സൌവര്‍ണ്ണ രാജികള്‍ വിതറും പ്രകാശരേണുക്കള്‍

രാധികേ, കാലം മറക്കാത്ത ത്യാഗമേ
യുഗങ്ങളാദ്യന്തമില്ലാതണയുന്നു, മറയുന്നു
മാധവ ജന്‍‍മങ്ങളനന്തമായെത്രയോ
ഭാവഹാവാദിയില്‍ പൂക്കുന്നു പൊഴിയുന്നു
അപ്പൊഴും, നിന്‍ പ്രേമഭാവനപ്പൂക്കളീ
ലോകര്‍ക്കു ദിവ്യ സുഗന്ധം പരത്തുന്നു

രാധികേ, രാജീവനയനന്‍റെ ഗാഥയില്‍
കണ്ണുനീരാല്‍ കുറിച്ചിട്ട കാവ്യമേ
കാലമീ കലിയുഗ ക്ഷേത്രവാടങ്ങളില്‍
കാമത്തിനായാഭിചാരങ്ങള്‍ ചെയ്യവേ
മോഹത്തിനായാത്മ വഞ്ചന ചെയ്യുന്ന
ചണ്ഡാളരെങ്ങും അഥര്‍വ്വം ജപിക്കവേ
സര്‍വ്വം മുടിക്കാന്‍ പിറക്കുന്ന ദുര്‍ഭൂത-
ഹൃദയം വഹിപ്പവര്‍ വേദാന്തമോതവേ,
അണയുക രാധികേ നിസ്വാര്‍ത്ഥപ്രേമമേ
ലോകര്‍ ഗ്രഹിക്കട്ടെ സ്നേഹം,
അവര്‍ കാണട്ടെ ശാശ്വത സത്യം !

കൃഷ്ണ കൃഷ്ണാ ജപിച്ചും, 
മനക്കാമ്പിലച്യുതനെ സ്മരിച്ചും,
സ്മൃതിയിലെന്നുമെന്നും മധുരമായൊഴുകുന്ന
ശ്യാമവര്‍ണ്ണന്‍ തന്‍റെ വേണുഗാനത്തിലെ
പല്ലവിയായ് നീ ലയിച്ചോ?
അതുമല്ലൊരായിരം പരിഭവങ്ങള്‍ 
തന്‍റെയുള്ളില്‍ ചിരി തൂകി നിത്യം രമിക്കുന്ന
കാമുകന്നായി പകര്‍ന്നും,
ലോക മിഥ്യതന്നര്‍ത്ഥം ഗ്രഹിച്ചും,
വസുധ തന്‍ ദുര്‍വ്വിധി കണ്ടു തപിച്ചും,
ലോക രക്ഷാകരന്‍ തന്‍റെ കനിവിനായ് കാട്ടില്‍ നീ
ഏകയായ് ധ്യാനത്തിലാണ്ടോ?
എവിടെ രമിപ്പു നീ രാധികേ, കണ്ണന്‍റെ
വൃന്ദാവനത്തില്‍ നീ മാഞ്ഞോ?
കാലമര്‍ത്ഥിപ്പു നിന്‍റെയാ പ്രേമസൂക്തങ്ങളെ
മന്നില്‍ വിളംബരം ചെയ്‌വാന്‍...

© ജയകൃഷ്ണന്‍ കാവാലം

Thursday, May 07, 2009

ഗംഗേ മമ പ്രണയിനീ

പകല്‍ രാത്രി സന്ധ്യയിവയെന്നുമെന്നും
വെറുതേ വിരുന്നു വരുമെന്‍റെ വീട്ടില്‍
ഇനിയെന്‍റെ ചിന്തകളിലെന്‍റെ ഗംഗേ
കുളിരാര്‍ന്ന രൂപമായ് നീ വരില്ലേ

മിഴിയോര്‍ത്തു നിന്‍റെ മൃദുഹാസമെല്ലാം
കാതോര്‍ത്തു നിന്‍റെ പദതാളമെല്ലാം
മനമോര്‍ത്തു നിന്നാത്മരാഗമെല്ലാം
ഇനിയെന്‍റെ മാത്രമായ് തീര്‍ത്തിടും ഞാന്‍

കിളിനാദമില്ലാതൊരെന്‍റെ തോപ്പില്‍
കുയിലായി വന്നു നീ പാട്ടു പാടി
കളിവാക്കുരച്ചു മമ സഖിയായി നീ
കണിയായെനിക്കു നിന്‍ മുഖമെന്നുമേ

ഇനിയെന്‍റെ നിദ്രയില്‍ സ്വപ്നമായ് നീ
ഇനിയെന്‍റെ ചിന്തതന്‍ ജ്വാലയായ് നീ
ഇനിയെന്‍റെ ഗാനത്തിലീണമായ് നീ
ഇനിയെന്നുമെന്നുമെന്നിണയായി നീ

ഇനിയെന്‍റെയാരാമശ്രീയായി നീ
ഇളവെയില്‍ച്ചൂടിന്‍റെ സുഖമായി നീ
ഇനിയെന്നുമെന്നുമെന്നകതാരില്‍ നീ
അമൃതം പൊഴിക്കുകെന്‍ പുണ്യ ഗംഗേ

© ജയകൃഷ്ണന്‍ കാവാലം

Wednesday, May 06, 2009

അങ്ങനെയാണ്

ചില സങ്കടങ്ങള്‍ അങ്ങനെയാണ്
അവ സങ്കടമായി തന്നെ അവശേഷിക്കും
അവ നമ്മിലൊരംശമായ് വിലയം പ്രാപിക്കും
അതോ നാം അതിലേക്കോ?
ചില സങ്കടങ്ങളോട് നാം സമരസപ്പെടും
ചിലവയോട് കലഹിക്കും
ചിലവയെ പ്രണയിക്കും
ചിലവയെ നാം ഏറെ സ്നേഹിക്കുന്നവര്‍ക്ക്
പകുത്തു കൊടുക്കും
ചിലവയെ ആര്‍ക്കും കൊടുക്കാതെ
സ്വന്തമാക്കി വയ്ക്കും
സങ്കടങ്ങള്‍ അങ്ങനെയൊക്കെയാണ്
ജീവിതവും അങ്ങനെയാണ്
അല്ല,... അതാണ് ജീവിതം

© ജയകൃഷ്ണന്‍ കാവാലം

Monday, May 04, 2009

എന്തേ...?

എന്‍റെ ദുഃഖത്തില്‍ നിന്നുണര്‍ന്ന സന്തോഷമേ
നിന്നില്‍ പിറന്നവള്‍ ദുഃഖമായ് തീര്‍ന്നതെന്തേ
എന്‍റെ കണ്ണീരിലെ മധുവില്‍ നിന്നൂറിയോളേ
നിന്‍റെ മാധുര്യമെന്‍ കണ്ണീരായ് നിറയ്‌വതെന്തേ
എന്‍റെ സര്‍വ്വസ്വവും ഹോമിച്ച പ്രതീക്ഷയേ
നിന്നില്‍ ഹവിസ്സാകാന്‍ എന്നെയും വിളിപ്പതെന്തേ

© ജയകൃഷ്ണന്‍ കാവാലം