Wednesday, December 31, 2008

താണ്ഡവസ്തുതി









മൃദംഗ,ശംഖ നാദവും ഉയര്‍ന്ന ഭേരി വാദ്യവും 
സുരേശ നൃ്ത്ത ഭംഗിയും മനോഹരം മനോഹരം 
ഉലഞ്ഞുടഞ്ഞ വല്ക്കലം, ജടാവൃതം, ശശി ധര- 
ശ്ശിരശ്ചലന താളവും മനോഹരം മനോഹരം 

അഷ്ടശത്രുജിത്ഭവാനനന്ത ശോഭയാര്‍ന്നൊരീ 
വിലാസ നൃ്ത്ത ഭംഗി ഹാ മനോഹരം മനോഹരം 
ഉണര്‍ന്ന താള ഭംഗിയില്‍ ഇളകിടുന്ന വാസുകീ 
ഫണങ്ങളും മനോഹരം, ഭവാന്‍റെ ദിവ്യ താണ്ഡവം !

ശിവം ശിവം ജപിച്ചു ശൈവ പൂജ ചെയ്തു ശൈലവും 
മതി മറന്നു ദേവനെ സ്തുതിച്ചു ഭൂത വൃന്ദവും 
അഴിഞ്ഞുലഞ്ഞ കേശഭാരശോഭയാര്‍ന്നു ദേവിയും 
ത്ധകത്ധകാരവം നിറഞ്ഞ ഗഗനവും മനോഹരം 

വിരിഞ്ഞ മാറിലങ്ങുമിങ്ങിളകിടും രുദ്രാക്ഷവും 
അണിഞ്ഞിടും വിഭൂതിയും ദ്രുത പദചലനവും 
ഉണര്‍ന്ന ശൈവകീര്‍ത്തനം നിറഞ്ഞൊരന്തരീക്ഷവും 
നമോനമഃശിവായ ശങ്കരാ നമോ നമഃ വിഭോ 

പ്രപഞ്ച ശക്തിയൊന്നു ചേര്‍ന്നു ബിന്ദുവായ് വിളങ്ങിടും 
മഹേശ്വരീ തിലകവും മനോഹരം മനോഹരം 
മന്ദമായ് പരന്ന കാറ്റിലിളകിടുന്ന വല്ലി പോ- 
ലിളകിടും കരങ്ങളും മനോഹരം മനോഹരം 

ലയങ്കരന്‍റെ താളവീചിയില്‍ മറന്നിളകുമീ 
ഝിലും ഝിലും കിലുങ്ങിടുന്നൊരാഭരണ ഭംഗിയും 
നഭസ്സിലെങ്ങുമുണ്മയായ് പരന്നിടുന്ന ശോഭയും 
നമോ നമഃശിവായ ശങ്കരാ ഭവാന്‍റെ താണ്ഡവം ! 

പരന്നിടുന്നൊരഷ്ടഗന്ധ ധൂപവും, പ്രജാപതേ 
ഭവാന്‍റെ ദിവ്യ ശൂലവും, ഢമരുവും മനോഹരം 
മനോഹരം, മനോഹരം മമ മനസ്സരസ്സിലെ 
സഹസ്രപദ്മമണ്ഡപേ ഭവാന്‍റെ ദിവ്യ താണ്ഡവം !

© ജയകൃഷ്ണന്‍ കാവാലം

Sunday, December 14, 2008

യാത്രാമൊഴി

ഇനിയും വസന്തങ്ങള്‍ വരുമായിരിക്കാം പക്ഷേ
ഇവനില്ല രാത്രി പകലിന്നത്രേ ശുഭദിനം
ഇമ്മിണിക്കാലം കൊണ്ടേ കൊഞ്ചലായ് കരച്ചിലായ്
ഇത്രയും സ്നേഹം തന്ന പൂവു നീ കൊഴിഞ്ഞപ്പോള്‍
ഇക്കഥ പേറുന്നെന്‍റെ ഹൃത്തിലെ പനിനീര്‍പ്പൂ
ഈ വ്യഥാ കിരണമേറ്റത്രയും വാടിപ്പോയി

അന്നിന്‍റെ രാവുകളിലെത്ര ഞാനുറങ്ങാതെ
അംഗനേ നിന്നെത്തന്നെ കാത്തുകാത്തിരുന്നല്ലോ
അപ്പൊഴും മനസ്സില്‍ നീ മന്ദസുസ്മേരം തൂകി
മഞ്ജുളഗാത്രീ വൃഥാ കൊഞ്ചിക്കൊണ്ടിരുന്നില്ലേ

കായലിന്‍ കുഞ്ഞോളങ്ങളീണത്തില്‍ പൊഴിക്കുമീ
പ്രേമഗീതത്തില്‍ പോലും നിന്‍ മുഖം തെളിയുമ്പോള്‍
കാര്‍കൊണ്ട മനസ്സില്‍ നീ പ്രേമമായ് പൊഴിയില്ലെ-
ന്നാകിലും വെറുതെ ഞാന്‍ കാത്തുകാത്തിരിക്കുന്നു

ഇനിയില്ല രാത്രി പകലോമനേ സമയമായ്
സാരഥിയെത്തീ ഞങ്ങള്‍ പോകയായ് ദൂരെ...ദൂരെ...

© ജയകൃഷ്ണന്‍ കാവാലം

Saturday, December 06, 2008

കാത്തിരിക്കുക...

കാത്തിരിക്കുക കണ്ണില്‍ കുളിരായ് നിറയുന്ന
സുഖമുണര്‍ത്തുന്ന കാഴ്ച കാണുവാന്‍
കാത്തിരിക്കുക നെഞ്ചിന്‍ വീര്‍പ്പുമുട്ടലുകളില്‍
കവിത ചേര്‍ക്കുന്ന ചിന്തകള്‍ക്കായി നീ

കാത്തിരിക്കുക മണ്ണില്‍ പ്രതീക്ഷ തന്‍
പുലരി പൂക്കുന്ന നാളുകള്‍ക്കായി നീ
കോര്‍ത്തു വയ്ക്കുക ദീര്‍ഘനിശ്വാസങ്ങള്‍
മാല്യമായന്നു നീ സ്വയം ചാര്‍ത്തുക

കാത്തിരിക്കുക മണ്ണിന്‍ ദീര്‍ഘവേദനകളാല്‍
കാലമെഴുതുന്ന കാവ്യമായീടുവാന്‍
ഓര്‍ത്തിരിക്കുക നിന്‍റെയുള്‍ക്കാമ്പിലെ
ശോകഗീതവും ചേര്‍ത്തുപാടുവാന്‍

കാത്തിരിക്കുക രാത്രികള്‍ തോറും നിന്‍
വേര്‍പ്പു തിങ്ങുന്ന വ്യര്‍ത്ഥസ്വപ്നങ്ങളെ
കാത്തിരിക്കുക ശിഥിലസ്വപ്നങ്ങളില്‍
ചിറകു ചേര്‍ക്കുന്ന മൂഢപ്രതീക്ഷയെ

കാത്തിരിക്കുക കാത്തിരിക്കണമെന്ന
വാക്കു ചൊല്ലിപ്പിരിഞ്ഞൊരാത്മാവിനെ
ചേര്‍ത്തു വയ്ക്കുക നെഞ്ചിലാ തേങ്ങലിന്‍
മാറ്റൊലിയുമാ കണ്ണീരിനുപ്പും

കാത്തിരിക്കുക കാത്തിരിക്കാന്‍ മാത്ര-
മെന്‍റെ ജീവനെന്നോതിയെന്‍ വാക്കിനെ
ഓര്‍ത്തെടുക്കുക ഇനിയുമാ വാക്കിന്‍റെ
കാത്തിരിപ്പെന്ന വ്യര്‍ത്ഥവിശ്വാസത്തെ

© ജയകൃഷ്ണന്‍ കാവാലം

Monday, December 01, 2008

കൃഷ്ണേ* ഞാനറിയുന്നു നിന്നെ... [സമര്‍പ്പണം: സുഗതകുമാരി ടീച്ചറിന്. ]

[അതുവരെ കേട്ടറിവു മാത്രമുണ്ടായിരുന്ന ‘കൃഷ്ണാ നീയെന്നെയറിയില്ല’ എന്ന കവിത മംഗ്ലീഷില്‍ ഇ-മെയില്‍ അയച്ചു തന്ന
സ്നേഹനിധിയായ സഹോദരി ശ്രീമതി ജ്യോതിബായ് പരിയാടത്തിന് സ്നേഹപൂര്‍വം നന്ദി അറിയിക്കുന്നു]

കൃഷ്ണേയറിയുന്നു നിന്നെ ഞാനെന്നുമെന്‍
ഹൃത്താലറിയുന്നു മുഗ്ധേ
മണ്‍കുടിലിന്‍ കോണിലാരാലുമറിയാതെ
മരുവുന്ന നിന്നെ ഞാനറിയും

ശബളമാം നിന്നാട ഞൊറികളിലിഴ ചേരും
നൂലിഴ പോലെ ഞാന്‍ നിന്നെ
പുണരുന്നു ഭക്തേ നിരാലംബയല്ല നീ
അരികത്തു തന്നെ ഞാനില്ലേ

അരയില്‍ കിലുങ്ങുന്ന കങ്കണ നാദമായ്
അനുദിനം കാംബോജി തീര്‍ത്തും,
അണിവിരല്‍ക്കൈകളാല്‍ കടയുന്ന വെണ്ണ തന്‍
മാസ്മര ഗന്ധം നുകര്‍ന്നും,
അരികത്തു നില്‍പ്പു ഞാന്‍ തോഴി നീയറിയാതെ
അനുരാഗിയാം നിന്‍റെ കൃഷ്ണന്‍

നിന്‍ കണ്ണിണകളില്‍ കാളിമ ചേര്‍ക്കുന്നൊ-
രഞ്ജനം തന്നെ ഞാനാകേ
അറിയുന്നുവോ സഖീയെന്തിനായെന്നെ നീ
ഇങ്ങോട്ടു വന്നു പാര്‍ക്കേണ്ടൂ...?

നിന്‍റെ പദനിസ്വനത്തിലും ഞാനില്ലേ?

കാളിന്ദി തന്‍ നേര്‍ത്ത കുഞ്ഞോളമായ് നിന്നില്‍
കുളിരിന്നനുഭൂതി തീര്‍ക്കേ,
കരളില്‍ കുളിര്‍കോരി, നിന്‍ കപോലങ്ങളില്‍
ജലകണമായ് ഞാനിരിപ്പൂ
നിന്‍റെയുടയാട പോലും ഞാനല്ലേ..?

അറിയുന്നു കൃഷ്ണേ ഞാന്‍ നിന്നെ...

കാടിന്‍റെ മൌനമായ്, കടമ്പിന്‍ സുഗന്ധമായ്
അനുഭൂതി തീര്‍ത്തു നീ നില്‍ക്കേ
അറിയാതെ പാടുന്നൊരെന്‍ വേണു പോലുമാ
മധുരത്താല്‍ മതിയേ മറക്കേ,
അണിയുന്ന സുന്ദരീ നിന്‍ മുഖം കാണുവാന്‍
കണ്ണാടിയായ് മാറി കണ്ണന്‍
നിന്‍റെയരിയ ചുണ്ടത്തെത്തിയമൃതമായ് മാറുവാന്‍
പാലായ് തിളച്ചതും കൃഷ്ണന്‍
വിടുവേല ചെയ്യുന്ന നേരത്തു നിന്നിലെ
വേര്‍പ്പായ് കിനിഞ്ഞതും കൃഷ്ണന്‍...

എന്നുമരുമയായ് നീ ചാര്‍ത്തുമാ മുടിക്കെട്ടിലെ
തുളസിയും ഞാന്‍ തന്നെയല്ലേ?
നിന്നെയറിയുന്നു നിന്‍റെയാം കണ്ണന്‍.

നിത്യ സൌന്ദര്യമേ നിന്‍ മനോവേണുവില്‍
ഹൃദ്രാഗമായ് ഞാന്‍ ലയിക്കേ
കണ്മണീ തേടുവതെന്തിനായെന്നെ നീ
അരികത്തു തന്നെ ഞാനില്ലേ...

നിന്‍റെ നിശ്വാസഗന്ധവും ഞാന്‍ തന്നെയല്ലേ...?

വളകലിലുണരുന്ന പ്രേമഗീതത്തിന്‍റെ
ശ്രുതിയായി മാറി ഞാന്‍ നിത്യം
നീയെന്നെ ചന്ദ്രികയായ് പുണര്‍ന്നില്ലേ...

നൃ്ത്തമാടിത്തളരുന്നതിന്‍ മുന്‍പേ
നര്‍ത്തകര്‍ വന്നെത്തുന്നതിന്‍ മുന്‍പേ
കാത്തു നിന്നെത്ര ഞാന്‍ വിരഹാര്‍ദ്ര വദനനായ്
ദൂരെ കടമ്പിന്‍റെ താഴെ...
അണയാതിരുന്നതു നീ തന്നെയല്ലേയെന്‍
അണിമാറില്‍ വനമാല ചാര്‍ത്താന്‍
അന്നുമറിഞ്ഞിരുന്നെന്‍ പ്രിയേ നിന്‍ ഹൃത്തി-
ലരുവിയായൊഴുകുന്ന പ്രേമം
തോഴി പറയാതെ തന്നെയറിഞ്ഞു ഞാന്‍ നിന്നിലെ
പ്രേമ ദുഃഖങ്ങള്‍ സമസ്തം
നിന്‍റെയുള്ളിലെ പ്രേമവും, താപവും ഞാനാകെ
മറ്റൊരാളെന്തിനു വേറേ...?

വള്ളിക്കുടിലിലെ പല്ലവങ്ങള്‍ പോലും
എല്ലാം മറന്നുറങ്ങുമ്പോള്‍
നീയുണര്‍ന്നെത്തുന്നതും കാത്തു കാത്തെത്ര
രാത്രികള്‍ ഞാന്‍ കാത്തു നിന്നു
ദുഃഖത്താലിരുളാര്‍ന്നൊരെന്‍ മുഖം കണ്ടാവാം
മലരുകള്‍ വിടരാന്‍ മടിച്ചു

അറിയുന്നു കൃഷ്ണേ ഞാന്‍ നിന്നെ...

നിന്നിലൊഴുകുന്നൊരാനന്ദ ബാഷ്പവും,
നീയെനിക്കര്‍ച്ചിച്ചൊരാത്മാവുമെല്ലാം
പണ്ടേക്കു പണ്ടേ നിന്‍ സൌമ്യസ്മിതത്താലെ
ഞാനാക്കി മാറ്റിയതല്ലേ?
നമ്മളൊന്നായി മാറിയതല്ലേ?

എന്നുമറിയുന്നു കൃഷ്ണേ ഞാന്‍ നിന്നെ...

ഗോകുലം മുഴുവന്‍ കരഞ്ഞപ്പൊഴും
തേരില്‍ മധുരക്കു പോകാനണഞ്ഞപ്പൊഴും
ആര്‍ദ്രഹൃദയത്തില്‍ നീമാത്രമായിരു-
ന്നതിനാലെ ഞാനും കരഞ്ഞു
നിന്നെ പിരിയുവാന്‍ വയ്യാതെ കേണൂ
ഒന്നുമേ മിണ്ടാതനങ്ങാതിരുന്ന നിന്‍
മൌനത്തിലാനെന്‍റെ ദുഃഖം
ആ നിത്യ പ്രേമത്തിലാണെന്‍റെ ഭക്തി

മൌനമായ് നിന്നോടു വിടവാങ്ങുവാനന്നു
നിന്‍ കുടില്‍ മുന്‍പില്‍ ഞാന്‍ വന്നെങ്കിലും
ഒട്ടു കാണാന്‍ കഴിഞ്ഞില്ലെനിക്കാ മുഖം
കണ്ണുനീര്‍ മറ തീര്‍ത്തു മുന്‍പില്‍
എന്‍റെ നയനാശ്രു നീയായൊഴുകി

എന്നിലീണമായ് മാറിയ നിന്‍റെ സ്വപ്നങ്ങളില്‍
വര്‍ണ്ണം പകര്‍ന്ന നിന്‍ കൃഷ്ണന്‍
അറിയാതെ പോകയോ കൃഷ്ണേ തവ സ്നേഹ
മധുരമാം ആത്മനൈവേദ്യം...?
എന്നുമറിയുന്നു നിന്നെ നിന്‍ കണ്ണന്‍...

*മഹാഭാരതത്തില്‍ പാഞ്ചാലിയെ ‘കൃഷ്ണ’ എന്നു പറയുന്നുണ്ട്‌. എന്നാല്‍ ഈ കവിതയിലെ കൃഷ്ണ ടീച്ചറിന്‍റെ കവിതയിലെ
ഗോപികയാണ്. ഒരേ പേരു തന്നെ ഒന്നിലധികം വ്യക്തികള്‍ക്ക് വരാമല്ലോ.

© ജയകൃഷ്ണന്‍ കാവാലം