Thursday, August 14, 2008

വര്‍ഷം

(ആലാപനം-ആഡിയോ താഴെ...)

നീറും കനല്‍മുടിയേന്തിയേന്തി
താനേ നടന്നു തളര്‍ന്ന മെയ്യില്‍
ഭാരം മറന്നു കുളിരൊന്നിതേല്‍ക്കാന്‍
പാരം കനിഞ്ഞരുള്‍ക വര്‍ഷമേ നീ

ഏറുന്നയാധികളിലെന്നുമെന്നും
പാടുന്നു ജീവിതദുരന്ത ഗാനം
ആളുന്നവധി കിടയാതെ നിത്യം
ഏറുന്ന മോഹ ജഠരാഗ്നി മാത്രം

കാണുന്നിതെന്‍ നിനവിലെന്നുമെന്നും
കാര്‍കൊണ്ടൊരെന്‍ ഗഗന ചക്രവാളം
കാലമോ കാറ്റോ പ്രതീക്ഷകള്‍ തന്‍
മങ്ങും കരിന്തിരിയണച്ചിതല്ലോ

താരം മയങ്ങിയൊരു വര്‍ഷ സന്ധ്യേ
പോരാ തവാനന വിഷാദ ഭാവം
പോരുന്നിതെന്‍ ഭുവിലെ ശോക രാഗം
ക്ഷീരാബ്ധി തന്നകല സീമയോളം

നേര്‍ കണ്ടറിഞ്ഞ പല മാമുനിക്കും
പോരാ തപോബലമെനിക്കു ചേരും
തൈലം ചമച്ചു മന നോവകറ്റാന്‍
ദേവാക്ഷരങ്ങളില്‍ തിരുത്തു തീര്‍ക്കാന്‍

ഈയുച്ച സൂര്യമുഖ ശോഭ കണ്ടോ
വീണ്ടും വിടര്‍ന്നിടുമീ മോഹപുഷ്പം
വാടിക്കൊഴിഞ്ഞു മന നോവകറ്റാന്‍
താനേ പൊഴിഞ്ഞരുള്‍ക വര്‍ഷമേ നീ

മണ്ണിന്‍റെ രാജസ വികാരഭാവം
ഉള്ളില്‍ കൊളുത്തി സുഖ രാശി തേടി
വേഗത്തിലോടിയിടറുന്ന പാദം
താണ്ടുന്നു നീണ്ട വികാര ലോകം

വേനല്‍വെയില്‍ പകരുമുഷ്ണമേറ്റെന്‍
പ്രാണന്‍ കനല്‍ക്കനി ഭുജിച്ചിടുമ്പോള്‍
കാമം വെടിഞ്ഞുയരെ പദ്മ പുഷ്പേ
ജീവന്‍ രമിപ്പതിനു ഹേതുവായി,

ഭോഗത്തിലാണ്ട മമ ദേഹഭാരം
തീര്‍ത്ഥങ്ങള്‍ പൂകി വിലയിച്ചിടുമ്പോള്‍
തുള്ളിത്തിമിര്‍ത്തുമിടി നാദമോടേ
കോരിച്ചൊരിഞ്ഞിടുക വര്‍ഷമേ നീ

© ജയകൃഷ്ണന്‍ കാവാലം

Saturday, August 09, 2008

വര്‍ഷം-കവിത-ശബ്ദശില്പം

Get this widget | Track details | eSnips Social DNA


വര്‍ഷം-കവിത-ശബ്ദശില്പം
രചന: ജയകൃഷ്ണന്‍ കാവാലം
ശീര്‍ഷകം: അരുണ്‍.ബി
ആലാപനം: മിനു എന്‍

© ജയകൃഷ്ണന്‍ കാവാലം