Saturday, June 14, 2008

‘ഹൃദയേ‘ശ്വരി

എനിക്കായ് തുടിക്കുന്ന ഹൃദയമെ-
ന്നരികില്‍ വന്നെന്നോടു ചോദിച്ചു
മനുഷ്യാ നീയെന്‍റേതു തന്നെയോ
ഇനിയും നീയെന്‍റേതു മാത്രമോ?

വിറയാര്‍ന്നു പോയ് മന-
സ്സറിയാതെയൊരു ദീര്‍ഘ-
നിശ്വാസ സമയം തിരഞ്ഞു
ഉള്ളിലൊരു വര്‍ഷമേഘമിരുണ്ടു

കരളൊന്നുലഞ്ഞു, നിന-
വെന്നിലേക്കെന്നിലെ
എന്നോടു തന്നെ തിരിഞ്ഞു
ചിന്തയൊരു കൊടുംകാടിന്‍റെ
ഹൃദയം തിരഞ്ഞു കൊ-
ണ്ടറിയാതെ പാറിപ്പറന്നു

ഇവിടെയാരാര്‍ക്കൊക്കെ വേണ്ടിപ്പിറന്നു
ആര്‍ക്കൊക്കെ വേണ്ടി നില കൊണ്ടൂ
ഏതൊക്കെ ഹൃദയങ്ങളാര്‍ക്കൊക്കെ വേണ്ടിയി-
ട്ടാശിച്ചു ദാഹിച്ചലഞ്ഞു

ഏതൊന്നിലെവിടുന്നു വന്നു നീ പാര്‍ത്തുവോ
ഏതൊന്നില്‍ നീ താനലിഞ്ഞോ
ഏതൊന്നിലലിവിന്‍റെയറിവു പകര്‍ന്നു നീ-
യാനന്ദ ഗേഹം പണിഞ്ഞോ
നീ തന്നെയറിവായി, അഗ്നിയായ്, ഗന്ധമായ്,
ദാഹ, മോഹങ്ങള്‍ക്കുമപ്പുറം ജീവനായ്,
ജീവന്‍റെ സത്യമായ്, ശക്തിയായ്, മുക്തിയായ്
വീണടിയുന്നൊരിടമത്രേ ഹൃദയം!
അലിഞ്ഞലിയുന്നൊരിടമത്രേ ഹൃദയം!!

ചിന്തകളുറവായി മൌനമായ് നിറയുന്ന,
മന്ത്രപ്പൊരുളിന്‍റെ സ്പന്ദനമാകുന്ന,
ജീവസംഗീതത്തിനീണം പകരുന്ന,
സന്താപവേളയില്‍ നൊമ്പരം കൊള്ളുന്ന,
നന്മതന്നുണ്മയായ്, നീതിക്കു സാക്ഷിയായ്,
കാലചക്രത്തിന്നനുസ്യൂത സഞ്ചാര-
വേഗത്തിലിടറാതെ, പതറാതെ മരുവുന്ന
സഹചാരിയത്രെയീ ഹൃദയം!
ഒരു സ്നേഹ സംഗീതമത്രെയീ ഹൃദയം!!

പ്രേമം പൂത്തുലയുന്നതിവിടെയല്ലോ
സ്നേഹ ഗാനം രചിപ്പതും ഹൃദയമല്ലോ
നോവിന്‍റെ കണ്ണുനീരലമാലയായ് വന്നു
സാഗരം തീര്‍പ്പതും ഇവിടെയല്ലോ

ഇവിടെയനന്തമാം മോഹങ്ങളലയടി-
ച്ചാഴി ചമയ്ക്കുന്നു മറയുന്നു വീണ്ടും,
അനവധി സ്വപ്നമായ്, സങ്കല്‍പ്പ ലോകമാ-
യനവധി വേദികളനുഭവ വേളകള്‍,
അനവധിയനുപമസുന്ദരസന്ധ്യകള-
വധിയില്ലാതെ തെളിയുന്നു മറയുന്നു

ഇവിടെവന്നുറയുന്നു സ്നേഹം
ഇവിടെവന്നടിയുന്നു ദുഃഖം
ഇവിടെ വന്നലിയാതനന്തമായ് തീരുന്നു
ചില നൊമ്പരങ്ങള്‍ തന്‍ മുറിവു മാത്രം!

ഇതു തന്നെ ക്ഷേത്രം പരാത്പര ജ്യോതി-
തന്നൊളിവീശുമമര സാമ്രാജ്യം!
ഇതു തന്നെയെന്‍റെയും നിന്‍റെയും ജീവനില്‍
അമൃതം നിറയ്ക്കുന്ന സ്നേഹഗംഗ!
പ്രേമ ജലധിയില്‍ ചേരുന്നൊരമര ഗംഗ!!

ഇവിടെത്ര പുലരിതന്‍ പൊന്‍പൂവുകള്‍
മണ്ണിലുലയുന്ന ജീവിത സ്വരമാരികള്‍
ഇവിടെത്ര തേങ്ങലിന്‍ മാറ്റൊലികള്‍
സന്ധ്യയണിയാന്‍ മറന്ന പൊന്‍ നൂപുരങ്ങള്‍

ഇവിടെത്ര രാത്രിതന്‍ രതി ഗീതികള്‍
നീണ്ട പകലിന്‍റെയുന്മാദ മദസന്ധികള്‍
ഇവിടെത്ര പുഞ്ചിരിപ്പൂച്ചെണ്ടുകള്‍
നേര്‍ത്ത വിങ്ങലായുറയുന്ന ഗതചിന്തകള്‍

ഇവിടെത്രയിരവിന്‍റെ വെടുവീര്‍പ്പുകള്‍
ഓര്‍മ്മ വര്‍ണ്ണം പകര്‍ന്നിടും നിറസന്ധ്യകള്‍
ഇവിടെത്ര മലരും, വസന്തവും മാസ്മര
ഗന്ധവും, സ്വപ്നവും, സംഗീതവും
ഇനിയെത്ര വന്നു തെളിഞ്ഞു മറഞ്ഞിടും
അവയെത്ര ശോഭ വിതറി നില്‍ക്കും.

ഹൃദയമെന്നരികിലെന്നിണപോലെയുയിര്‍പോലെ
മൃദുമന്ദപവനന്‍റെ കുളിരു പോലെ
ഹൃദയമെന്നലിവിന്‍റെയലിവാര്‍ന്ന മുഖമായി
മധുരപ്രതീക്ഷ തന്നുറവയായി
ഹൃദയമെന്നകതാരിലരുവിയായരുമയാ-
യമൃതമായാത്മ സുഗന്ധമായി

കുളിരായി,കവിതയായ്,മനസ്സായി,മഹിമയായ്,
നിറവായി, നിഴലായ് നിറഞ്ഞു നില്‍ക്കേ
പറയുവതെങ്ങനെയവളെനിക്കെന്നോ - ഞാ-
നവളുടേതെന്നോ സസൂക്ഷ്മമായി...

© ജയകൃഷ്ണന്‍ കാവാലം

വാതായനങ്ങള്‍ താനേ തുറന്നു...

വാതായനങ്ങള്‍ താനേ തുറന്നു
വാതില്‍ക്കല്‍ നീ വന്നു നിന്നു
വാര്‍തിങ്കളിന്‍ മുഖശ്രീ പോലെയാമുഖം
മൌനമായ് ഞാന്‍ നോക്കി നിന്നു

മണിയറ ചാരാതെ മാനത്തു പൌര്‍ണ്ണമി
മാരനെ തിരയുന്ന യാമങ്ങളില്‍
രതി ലോലമായ് വന വീണയില്‍ പവനന്‍റെ
മൃദു കരം തഴുകുന്ന നിമിഷങ്ങളില്‍

വനമോഹിനീ തവ മധുരാധരങ്ങളാല്‍
മധുരമായെന്നോടു കൊഞ്ചിയപ്പോള്‍
വനവാസ മോഹം വെടിഞ്ഞു ഞാനാ മുഖം
വരമായ് ലഭിക്കാന്‍ കൊതിച്ചു നിന്നു

മനം കുളിരാട ചൂടി തളിര്‍ത്തു നിന്നു...

©കാവാലം ജയകൃഷ്ണന്‍ 

എന്‍റെ പഞ്ചവര്‍ണ്ണക്കിളിക്ക്‌...

പണ്ട്‌, പണ്ടു പണ്ട്... എന്‍റെ കുഞ്ഞു പൂന്തോട്ടത്തിലെവിടെയോ, ആ പൂന്തോട്ടത്തിനതിരിട്ട പച്ചപ്പുകള്‍ക്കുള്ളിലെങ്ങു നിന്നോ ഞാന്‍ കാണാതെ എന്നെ നോക്കി പാട്ടു പാടിയിരുന്ന പഞ്ചവര്‍ണ്ണക്കിളിക്ക്‌... എന്നോടു മത്സരിച്ച്‌ പാട്ടു പാടി പാട്ടു പാടി എന്നോ നീ പിണങ്ങിപ്പോയി... നിന്‍റെ ഗാനങ്ങള്‍ കേട്ട്‌ കണ്ണന്‍റെ പൊന്നരഞ്ഞാണങ്ങള്‍ പോലെ പൂത്തുലഞ്ഞു നിന്നിരുന്ന കണിക്കൊന്നപ്പൂവുകള്‍ കോരിത്തരിക്കാറുണ്ടായിരുന്നു. അതെ... നീ കൃഷ്ണഗീതങ്ങളായിരുന്നു ആലപിച്ചിരുന്നത്‌ ഞാന്‍ നിന്നെ ഭാവനയില്‍ കണ്ടു. ആത്മാവില്‍ വരച്ചു ചേര്‍ത്തു... എന്‍റെ പൂന്തോട്ടത്തിലെ സപ്തവര്‍ണ്ണപ്പൂക്കളുടെ പരാഗ കണങ്ങള്‍ കൊണ്ട്‌... നിന്‍റെ തൂവലുകള്‍ ഞാന്‍ പട്ടു നൂലിനാല്‍ നെയ്തു ചേര്‍ത്തു. നിന്‍റെ പൂവുടലാകെ കണ്ണനു ചാര്‍ത്തിയ വരമഞ്ഞള്‍ കൊണ്ട്‌ സ്വര്‍ണ്ണവര്‍ണ്ണം ചേര്‍ത്തു. നിന്‍റെ ചിത്രത്തിന് വര്‍ണ്ണം പകരുവാന്‍ പൂക്കളായ പൂക്കളോടൊക്കെ ഞാന്‍ നിറം കടം വാങ്ങി...ഹേ സുന്ദരിപ്പക്ഷീ... എന്നിട്ടും... എന്നിട്ടും നീ പറന്നകന്നതെങ്ങോട്ടാണ്... നിന്‍റെ ചിറകടി ഇക്കിളുപ്പെടുത്താത്ത എന്‍റെ പൂന്തോട്ടം ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നിന്‍റെ സംഗീതം തേടി ഞാനലയുന്നു... എന്നിനി... എന്നിനി കേള്‍ക്കാന്‍ കഴിയും നിന്‍റെ മധുരസംഗീതം... പ്രിയപക്ഷീ, എനിക്കു നിന്നെ കാണണ്ട. നീ എന്‍റെ ആത്മാവിന്‍റെ പവിത്രമായ ചുവരില്‍ ഇന്നും ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു... എന്‍റെ ബാല്യകാലത്തിന്‍റെ ചേതോഹര വര്‍ണ്ണങ്ങളാല്‍.......

കാമിനീ നിന്‍ പുഷ്പ ബാണം മടങ്ങുന്നു
കാലമാം കാകന്‍ പറന്നങ്ങകലുന്നു
കാത്തിരുപ്പിന്‍ നീണ്ട രാവുകള്‍ പകലുകള്‍
കല്പനാവേദിയില്‍ വേഷങ്ങളാടുന്നു

കണ്ണിന്‍ വിദൂരസഞ്ചാരങ്ങളൊക്കെയും
കാണാത്ത നിന്‍ സൌമ്യ വദനം തിരയുന്നു
കാലം വിളക്കണച്ചന്ധകാരം തീര്‍ത്ത
കാര്യമില്ലാത്തൊരു ജന്മം ഞാനേന്തുന്നു

ആ സുധാപൂരിത സംഗീതനാദമെന്‍
ആത്മാവിലമൃതം പകര്‍ന്നെന്നു തോന്നിപോല്‍
ആശക്കതിരിട്ട നിന്‍ തേങ്ങലത്രയും
ആപാദചൂഡം ദഹിപ്പിപ്പു കണ്മണീ

ശ്രീദീപശോഭയാര്‍ന്നാര്‍ദ്രമാമെന്‍ മന-
ശ്രീലകത്തെന്നോ വിരാജിച്ച ദേവതേ
ശ്രീകൃഷ്ണദാസിയാം തോഴി, മമ സഖീ
ശ്രീ ദേവിയെന്തേ വിതുമ്പുന്നു മൌനമായ്?

പിരിയുവാന്‍ വയ്യ നിന്‍ സാമീപ്യമെപ്പൊഴും
പിരിയാതിരിക്കുവാന്‍ പ്രാര്‍ത്ഥിപ്പു നിത്യവും
പിടിവാശിയല്ലിതെന്നാത്മാവു നിന്നോടു
പിരിയരുതേയെന്നു കേഴുന്നു കണ്മണീ

കണ്മണീ നാദസൌഭാഗ്യമേ എന്നിലെ
വെണ്മയോലുന്ന സുസ്വപ്നമേ മായ്കയോ
വിണ്‍ചന്ദ്രികേ മമ പ്രേമ സര്‍വ്വസ്വമേ
പെണ്‍കിടാവേ നീ കിനാവായ് മറയ്കയോ?

ധനുമാസരാവിന്‍റെ കുളിരില്‍ മയങ്ങിയോ
ധരണിയും മൌനമായ് തേങ്ങുന്നു നിശ്ചലം
ധനമായി നിന്നെ ഞാന്‍ കരുതിയെന്‍ ജീവന്‍റെ
ധന്യമാം സ്വപ്നങ്ങളാണു നീ പ്രിയ സഖീ

ഷഡ്കാല ഗീതപ്രിയേ നിന്‍ മനോരഥം
ഷഡ്കാല വേഗം മഥിക്കുന്നിതെന്‍ മനം
ഷഷ്ട്യബ്ദപൂര്‍ത്തിക്കുമപ്പുറം ഞാന്‍ സഖീ
ഷഡ്പദതുല്യം തിരഞ്ഞിടും നിന്‍ പദം

ഖരമായുറഞ്ഞോ ഹൃദന്തമെന്നോമനേ
വൈമുഖ്യമെന്തേ മറുവാക്കു ചൊല്ലുവാന്‍
ഹൃദയം കവര്‍ന്ന നിന്‍ മധുഗാന വൈഖരി
മതിമുഖീയിനിയും വിളമ്പാതെ പോകയോ?

ന്യായവാദങ്ങള്‍ക്കു ഞാനില്ല കണ്മണീ
ന്യായം പറഞ്ഞു നീ പോയിയെന്നാകിലും
ന്യായവാദങ്ങള്‍ക്കുമപ്പുറം സ്നേഹമാം
ന്യായമതത്രേ എനിക്കു നിന്‍ ഭാവന

മുഗ്ധാംഗിനീ തവ സ്വപ്നമെന്‍ ഹൃത്തിലെ
മുജ്ജന്മ സായൂജ്യമായി വിളങ്ങിയോ?
മുന്‍പൊന്നു കാണാത്ത നിന്‍റെ ചെഞ്ചുണ്ടിലെ
വനഗീതമാധുരി തേടുകയാണു ഞാന്‍

മാന്‍ മിഴിയൊന്നു നിറഞ്ഞെന്നു തോന്നിയാല്‍
എന്‍ കരള്‍ നോവുന്നു നിന്നെയോര്‍ത്തിപ്പൊഴും
ഏങ്ങു പറന്നുപോയ് നിന്‍ ചിറകൊച്ച കേ-
ട്ടുണരാനുറങ്ങുന്നു ജാലകം ചാരാതെ

ഇനിയെന്‍റെ ഗാനം മറന്നു നീ പോകിലും
നിന്‍ ഗാനമിനിയെനിക്കന്യമായീടിലും
നിധിയായ് മമ മനഃക്ഷേത്രത്തിലെപ്പൊഴും
പ്രിയ സഖി നിന്നെ ഞാന്‍ പൂജിച്ചിടും ചിരം...

© ജയകൃഷ്ണന്‍ കാവാലം

Friday, June 13, 2008

ആജ്ഞ

കണ്ടു കണ്ടു ഞാന്‍ പോകുന്നു രക്തത്തി-
ലാണ്ടു പോകാന്‍ തുടങ്ങുന്ന കേരളം
ചിത വെളിച്ചത്തിലിതുവരെ കാണാത്ത
വിറളി പൂണ്ട മുഖങ്ങള്‍ ചിരിക്കുന്നു

രജ പഥങ്ങളില്‍ നാല്‍ക്കവലകളില്‍
കൊടി പറത്തുന്ന പ്രൌഢരാഷ്ട്രീയമേ
കത്തുമാവേശമെന്തിനീ നാടിന്‍റെ
വെന്തുരുകുന്നൊരുദര ശാന്തിക്കോ?

പാഴ്നിലങ്ങളില്‍ പാറമടകളില്‍
വയറിനായി പണിയും ജനങ്ങളില്‍
ജനവിരോധം നിറയ്ക്കും മതങ്ങളേ
മതി മതിയീ വിഭക്തിപ്രകാശനം

വാളെടുത്താല്‍ വളരുമോ കേരളം?
പൂജകൊണ്ടു ശമിക്കുമോ രോദനം?
പുത്രവിരഹത്താലാളുന്നൊരമ്മതന്‍
ഹൃത്തിലാശ്വാസമേകുമോ ഈ മതം?

വീതിറ്റേറുന്ന വടിവാള്‍ മുനയിലെ
ചുടു നിണമോയീഭൂവിന്നു ശാശ്വതം?
ബോംബുപൊട്ടിച്ചിതറിത്തെറിച്ചൊരീ
മാംസപിണ്ഡമോ ഹാ മത ഭോജനം?

രുധിര ചിന്തയ്ക്കു മേല്‍വളം ചേര്‍ക്കുന്ന
പതിത മോക്ഷപ്രഘോഷണക്കാരേ
ഹരിത ഭൂമിയില്‍ സ്നേഹം വിളമ്പുന്ന
ധന്യ. യമ്മയ്ക്കു നിങ്ങളും മക്കളോ?

പല മതങ്ങള്‍ തന്നൊരുമയാലഭിമാനം
കടല്‍ കടത്തിയ മലയാള ഭാഗ്യമേ
കരുണയില്ലാത്ത മക്കള്‍ തന്നമ്മയായ്
കരയുവാനോ ധരിത്രി, നിന്‍ ദുര്‍വ്വിധി?!!!

പല മതങ്ങള്‍ വിതച്ചിട്ട നാശമേ
പല നിറങ്ങളായ് പാറും പതാകയേ
പതിത മോക്ഷങ്ങള്‍ വില്‍ക്കും ജനങ്ങളേ
പടി കടക്കുക... പേടിക്കയില്ലിനി.

© ജയകൃഷ്ണന്‍ കാവാലം

Thursday, June 12, 2008

കിളിപാടും പുലരി തന്‍ സൌന്ദര്യമേ...

കിളിപാടും പുലരി തന്‍ സൌന്ദര്യമേ
നേര്‍ത്ത ഹരിചന്ദനം തൊട്ട ലാവണ്യമേ
മനസ്സിന്‍റെ വാതില്‍ക്കലെന്തിനായിന്നലെ
തരളിതയായ് നീ മറഞ്ഞു നിന്നൂ

യദുകുല കന്യക പോലേ
ചഞ്ചല മാന്മിഴിയാലെന്‍
കരളിന്‍റെ തന്ത്രികള്‍ മീട്ടീ
നിന്‍റെ കവിളിലുഷസ്സിന്‍റെ ശോഭകണ്ടു

മധുമയമായെന്‍റെ രാത്രി
പുളകിതമായെന്‍റെ ദേഹം
പരിരംഭണത്തിന്‍റെ കുളിരില്‍
നമ്മളറിയാതലിഞ്ഞു തളര്‍ന്നുറങ്ങീ

നദിയുണരുന്നതിന്‍ മുന്‍പേ
പൂ വിരിയുന്നതിന്‍ മുന്‍പേ
രതിലോല സ്വപ്നം കഴിഞ്ഞു
നിന്‍റെ തളിര്‍മുഖം കണ്ടു ഞാന്‍ മിഴിതുറന്നു

©ജയകൃഷ്ണന്‍ കാവാലം

Tuesday, June 10, 2008

അക്ഷരം മോഷ്ടിച്ച്‌ അരമന പണിയുന്നവര്‍ക്കെതിരേ...

ബ്ലോഗ്‌ മോഷ്ടാക്കളുടെ അനൌചിത്യത്തിനും, മര്യാദകേടിനും, സാംസ്കാരികകേരളത്തിനും സര്‍വ്വോപരി സമ്പന്നയായ നമ്മുടെ മാതൃഭാഷയ്ക്ക് ഇത്തരം അക്ഷരപ്പിശാചുക്കളില്‍ നിന്നേറ്റ അപമാനത്തിനും എതിരെ എല്ലാ മലയാളം ബ്ലോഗര്‍മാരോടുമൊപ്പം നിഷ്കളങ്കനും അണിചേരുന്നു...

അക്ഷരം മോഷ്ടിച്ചെങ്കിലെന്ത് അത് പേരെടുക്കാനായിരുന്നില്ലേ…

ജയകൃഷ്ണന്‍ കാവാലം


കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം…
കാവാലം എന്ന കുഗ്രാമത്തില്‍ റോഡ് വരുന്നതിനും മുന്‍പുള്ള കാലം.
ഞങ്ങള്‍ കുറേ സാഹിത്യാസ്വാദകന്മാരുടെ ഒരു സദസ്സുണ്ടായിരുന്നു. സാഹിത്യഭ്രമം തലക്കു പിടിച്ച് വാക്കുകള്‍ കൊണ്ടു തമ്മിലടിച്ചു തുടങ്ങിയ പ്രസ്തുത സദസ്സ് കയ്യാങ്കളി തുടങ്ങുന്നതിനു മുന്‍പേ പിരിച്ചു വിടുന്നതിനും മുന്‍പു നടന്ന ഒരു സംഭവമാണിത്.

ആ സുഹൃദ്‌സദസ്സില്‍ ഒരു കവിയുടെ പരിവേഷമുണ്ടായിരുന്ന ആളാണ് ശ്രീ. അനില്‍. ഇടക്കിടെ ഓരോ മുറിക്കവിതകളും, മുഴുവന്‍ കവിതകളും എഴുതി സദസ്സില്‍ പ്രകാശിപ്പിക്കുകയും, കയ്യടിയും വിമര്‍ശനവുമൊക്കെ ഏറ്റു വാങ്ങുകയും ചെയ്യുമായിരുന്നു ആശാന്‍. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഒരു കവിതയുമായി പ്രത്യക്ഷപ്പെട്ടു. കവിതയുടെ പേര് ‘പാര്‍വ്വതി’. അദ്ദേഹം തന്നെ അതു ചൊല്ലി. കേള്‍ക്കും തോറും വീണ്ടും വീണ്ടും കേള്‍ക്കണമെന്നു തോന്നിപ്പോകുന്ന വരികള്‍. ആകര്‍ഷകമായ ശൈലി. ആ കവിതയെ എങ്ങനെയൊക്കെ വര്‍ണ്ണിച്ചാലും മതിയാവാത്തവണ്ണം മനോഹരമായി തോന്നിയെനിക്ക്. അത്രയും ആകര്‍ഷകവും, പുതുമയുമുള്ളതായിരുന്നു അതിലെ ഓരോ വരികളും, വാക്കുകളും. യാതൊരു ലോഭവുമില്ലാതെ ഞങ്ങളെല്ലാവരും ആ കവിതയെ വാഴ്ത്തി. അപ്പൊഴും അവിശ്വസനീയമായ അദ്ദേഹത്തിന്‍റെ രചനാപാടവം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഞാന്‍ ഇടക്കിടെ ചോദിക്കുമായിരുന്നു, ഇതു സത്യത്തില്‍ താങ്കള്‍ തന്നെ എഴുതിയതാണോ എന്ന്. അദ്ദേഹം ആണയിട്ടും, തലയില്‍ കൈ വച്ചും, പരിഭവിച്ചുമൊക്കെ തന്‍റെ മൌലികത വെളിപ്പെടുത്തിക്കൊണ്ടുമിരുന്നു.

ആ കവിത കേട്ടു കോരിത്തരിച്ച ഞാന്‍ അദ്ദേഹം പള്ളിയറക്കാവു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കവിതാലാപനം എന്ന പേരില്‍ അദ്ദേഹം തന്നെ ആവിഷ്കരിച്ച സ്വന്തം കവിതകളെ കവിതന്നെ വേദിയില്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ അവതാരകനായി. ഭൌതിക പ്രപഞ്ചത്തിലെ പ്രേമഭാവനയെ ശിവപാര്‍വ്വതീലീലയില്‍ ആവാഹിച്ച കവി, ആദ്ധ്യാത്മിക ജ്ഞാനത്തിന്‍റെ ഉത്തുംഗതയില്‍ നിന്നുകൊണ്ടല്ലാതെ ഇത്തരം ഒരു സൃഷ്ടി ഉണ്ടാവുകയില്ല തന്നെ… തുടങ്ങി ഘോരഘോരം അവതരണം ഗംഭീരമാക്കി… തുടര്‍ന്ന് അദ്ദേഹത്തിന്‍റെ കവിതാലാപനവും, കയ്യടിയും എല്ലാം നടന്നു.

ഈ സംഭവത്തെ തുടര്‍ന്ന് ആവേശം ഉള്‍ക്കൊണ്ട കവി, പൂക്കൈതയാറിന്‍റെ അക്കരെയും, ഇക്കരെയുമായി നാട്ടിലെ വിവിധ ക്ലബ്ബുകള്‍ നടത്തിയ പരിപാടികളിലും പോയി കയ്യടി വാങ്ങി. ഈ ഏര്‍പ്പാട് വരും വര്‍ഷങ്ങളിലും നീണ്ടു നിന്നിരുന്നു എന്നു നാട്ടുകാര്‍ പറയുന്നതു കേട്ടു. ചുരുക്കത്തില്‍ ‘കടല്‍മാതിന്‍ പൂവാടമേ പുണ്യഭൂവേ‘ എന്നു മഹാ കവി വള്ളത്തോള്‍ പോലും ആവേശത്തോടെ വിളിച്ച കാവാലത്തിന്‍റെ ആസ്ഥാന കവിയായി ശ്രീ അനില്‍ മാറിക്കഴിഞ്ഞിരുന്നു.

ഇടക്കിടെ കാവാലത്തു പോകുമ്പോഴെല്ലാം എങ്ങനെയും സമയം കണ്ടെത്തി ഞാന്‍ ആ മഹാനുഭാവന്‍റെ അടുത്തു ചെന്നിരുന്ന് ആ കവിത പാടിച്ചു കേള്‍ക്കും. പാര്‍വ്വതി എന്നില്‍ ആവേശമായി നിറഞ്ഞു നില്‍ക്കുന്നു. ഇപ്പൊഴും. എപ്പൊഴൊക്കെ പാടിക്കഴിയുമ്പൊഴും ഞാന്‍ ചോദിക്കും, ഇതു താങ്കള്‍ തന്നെ എഴുതിയതാണോ?... വീണ്ടും ആണയിടീല്‍, തലയില്‍ തൊടീല്‍, പരിഭവം…

വര്‍ഷങ്ങള്‍ കഴിഞ്ഞു… ജീവിതം ഗ്രാമവും, ജില്ലയും, സംസ്ഥാനവും, രാജ്യവും, കടലും കടന്ന് ഭൂഖണ്ഡം തന്നെ വിടുമെന്ന സ്ഥിതിയായപ്പോള്‍ കലിയുഗവരദന്‍റെ പുണ്യമല ഒന്നു ചവിട്ടണമെന്ന ഒരാഗ്രഹം മനസ്സില്‍ വര്‍ദ്ധിച്ചു വന്നു. അന്നദാന പ്രഭുവിന്‍റെ, ആശ്രിത വത്സലന്‍റെ, സത്യമായ പതിനെട്ടു പടികള്‍ക്കധിപന്‍റെ തിരുസന്നിധിയില്‍ ചെന്ന് ഒരിക്കലും ആരാലും നിര്‍വചിക്കാന്‍ കഴിയാത്ത ആത്മനിര്‍വൃതി ഏറ്റുവാങ്ങി അയ്യനയ്യന്‍റെ പുണ്യമലയിറങ്ങി.

പമ്പയിലെത്തിയപ്പോള്‍ ഒരു മാവേലിക്കര ബസ്സു മാത്രമേ അപ്പോള്‍ പുറപ്പെടുന്നുള്ളു എന്നറിഞ്ഞു. എന്നാല്‍ അതില്‍ കയറിയാല്‍ തീര്‍ത്ഥാടനം ഒന്നു കൂടി വിപുലമാക്കാമല്ലോ എന്ന പ്രതീക്ഷയില്‍ അതില്‍ കയറിയിരുന്നു. ഒന്നുറങ്ങിയെണീറ്റപ്പൊഴേക്കും മാവേലിക്കരയെത്തി. തീ പോലെ പൊള്ളുന്ന വെയിലില്‍, നഗ്നപാദനായി പ്രൈവറ്റ് ബസ് നിര്‍ത്തുന്ന സ്ഥലത്തേക്ക് യാത്രയായി. പോകുന്ന വഴിയില്‍ ഒരു ബുക്‌സ്റ്റാള്‍ കണ്ട് , അവിടെ പുറത്തു നിരത്തി വച്ചിരുന്ന ചില പുസ്തകങ്ങളില്‍ കണ്ണോടിച്ചു നിന്നു. ആ സമയം അവിടെ സ്ഥാപിച്ചിരുന്ന ഒരു സിഡി പ്ലേയറില്‍ നിന്നും ഏതോ ഒരു കവിയുടെ ഒരു കവിത ഒഴുകി വരുന്നുണ്ടായിരുന്നു. ആദ്യത്തെ കവിത കഴിഞ്ഞു അടുത്ത കവിത തുടങ്ങിയതും ഞാന്‍ ഞെട്ടി. ശരിക്കും ഞെട്ടി. നമ്മുടെ സാക്ഷാല്‍ അനിലിന്‍റെ പാര്‍വ്വതി!!!. എനിക്കു സന്തോഷമായി. എന്‍റെ നാട് ഇത്രയും വികസിച്ചതും, അടുത്തു പരിചയമുള്ള ഒരു നാട്ടുകാരന്‍റെ കവിത ഈ ലോകം മുഴുവന്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നെന്നും ഓര്‍ത്ത് കുറച്ചു നേരം നിന്നഭിമാനിച്ചു.

അപ്പോള്‍ അകത്തുനിന്നും മാന്യനായ കടയുടമ പുറത്തു വന്ന് ഏതു പുസ്തകമാണ് സ്വാമിക്കു വേണ്ടതെന്നാരാഞ്ഞു. സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നതു പോലെ ഞാന്‍ ചോദിച്ചു, ഈ കേള്‍ക്കുന്ന കവിത ആരുടേതാണ്??? എന്‍റെ നാട്, എന്‍റെ നാട്ടുകാരന്‍ എന്ന് ഉറക്കെ വിളിച്ചു കൂവാന്‍ ശരണമന്ത്രങ്ങള്‍ കരുത്തു പകര്‍ന്ന കണ്ഠവുമായി ഞാന്‍ വെമ്പി നിന്നു. അഅപ്പോള്‍ അയാള്‍ പറഞ്ഞു

“ഇത് അനില്‍ പനച്ചൂരാന്‍റെ കവിതയാണ്. അദ്ദേഹം തന്നെയാണ് പാടിയിരിക്കുന്നത്. “

ഞാന്‍ അന്തം വിട്ടു. ഞങ്ങളുടെ ആസ്ഥാനകവിയായ അനിലിന്‍റെ പേരിനോടൊപ്പം പനച്ചൂരാന്‍ ഉള്ളതായി എനിക്കറിവില്ലായിരുന്നു. വിളിച്ചുകൂവല്‍ അല്പനേരത്തേക്കു നീട്ടി വച്ചിട്ട് ഞാന്‍ ചോദിച്ചു
അദ്ദേഹത്തിന്‍റെ ഫോട്ടോ ഉണ്ടാവുമോ ആ കവറിലോ മറ്റോ?
ഉണ്ടല്ലോ, ഞാന്‍ കാണിച്ചു തരാമെന്നു പറഞ്ഞ് കടക്കാരന്‍ അകത്തേക്കു പോയി. ഞാന്‍ ചിന്തിച്ചു എന്തുകൊണ്ടാണദ്ദേഹം കാവാലം എന്നു ചേര്‍ക്കാതെ പനച്ചൂരാന്‍ എന്നാക്കിയത്?. വീട്ടു പേരതല്ലല്ലൊ… അധികസമയം ചിന്തിക്കേണ്ടി വന്നില്ല അതാ വരുന്നു ഫോട്ടോയുമായി കടക്കാരന്‍!.

ഇപ്പൊഴാണ് ഞാന്‍ ‘ഞെട്ടലിന്‍റെ’ അന്തസത്തയറിഞ്ഞു ഞെട്ടിയത്…

കാവാലത്തുകാരന്‍ അനിലല്ല അത്. ക്രാന്തദര്‍ശിത്വം കണ്ണുകളില്‍ സ്ഫുരിക്കുന്ന, അറിവിന്‍റെ ആഴങ്ങളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത തന്‍റെ ഏതാനും കൃതികള്‍ കൊണ്ടു തന്നെ മലയാളിമനസ്സുകളെ കീഴടക്കിയ ഇന്ന് ഏതു കൊച്ചു കുഞ്ഞിനും തിരിച്ചറിയാന്‍ കഴിയുന്ന സാക്ഷാല്‍ അനില്‍ പനച്ചൂരാന്‍ എന്ന അനുഗ്രഹീത കവിയെ ഞാന്‍ ആദ്യം കാണുന്നത് അന്നായിരുന്നു. (അദ്ദേഹത്തിന്‍റെ തന്നെ പ്രവാസികളുടെ പാട്ട് എന്ന കവിതയായിരുന്നു പാര്‍വ്വതിക്കു മുന്‍പ് അവിടെ കേട്ടത്)

ഒരു കയ്യില്‍ ഇരുമുടിയും, മറുകയ്യില്‍ ആ സിഡി കവറും പിടിച്ചു കൊണ്ട് അവിടെനിന്ന് ഞാന്‍ അതുവരെ കേട്ടും, അറിഞ്ഞും വന്നിട്ടുള്ള മുഴുവന്‍ തെറികളും സ്ഥലകാലബോധമില്ലാതെ വിളിച്ച്, ശരണമന്ത്രങ്ങള്‍കൊണ്ട് പവിത്രമാക്കിയ എനെറ്റ് നാവിന്‍റെ പുണ്യത്തെ മുഴുവന്‍ ബലികഴിച്ചു. ഒരു അയ്യപ്പന് ഇങ്ങനെയൊക്കെയും തെറി പറയാന്‍ കഴിയുമോ എന്ന് ഒരു പക്ഷേ ആ കടക്കാരന് തോന്നിയിട്ടുണ്ടാവും.

ഞാന്‍ അയാളോട് ആ സിഡി നിര്‍ബന്ധിച്ചു വാങ്ങി. അയാളതു വില്‍ക്കാന്‍ വച്ചതല്ലായിരുന്നിട്ടും, പുതിയ സിഡിയുടെ വില നല്‍കാമെന്നു പറഞ്ഞതു കൊണ്ടും, കാര്യങ്ങളുടെ ‘കിടപ്പ്‘ മനസ്സിലായതു കൊണ്ടും നല്ലവനായ ആ മനുഷ്യന്‍ എനിക്കാ സിഡി തന്നു.

അടുത്ത ദിവസം തന്നെ ഞാന്‍ കാവാലത്തേക്കു പോയി. കാവാലത്തിന്‍റെ ‘അ’സ്ഥാന കവിയെ പോയി കണ്ടു. സാധാരണ ചോദിക്കാറുള്ളതു പോലെ തന്നെ കണ്ട മാത്രയില്‍ പാർവ്വതി ഒന്നു പാടിക്കേള്‍പ്പിക്കാന്‍ പറഞ്ഞു. പക്ഷേ എന്തോ തിരക്കിലായിരുന്ന കവി‘പുങ്കന്‍‘ പിന്നീടാവാമെന്നു പറഞ്ഞു. പിന്നെ എനിക്കു പിടിച്ചു നില്‍ക്കാനായില്ല. ആ സിഡി മുഖത്തേക്കു വലിച്ചെറിഞ്ഞു വായില്‍ തോന്നിയതെല്ലാം പറഞ്ഞു.

രണ്ടു ദിവസം കാവാലത്തു താമസിച്ച ശേഷമാണ് ഞാന്‍ തിരികെ പോയത്. അത്രയും സമയം ഇടക്കിടെ അവിടെ പോയി ചീത്ത വിളിച്ചു കൊണ്ടേയിരുന്നു.

പാര്‍വ്വതി പോലെ ഒരു കൃതി എഴുതിയുണ്ടാക്കുവാന്‍ ആ കവി അനുഭവിച്ചിട്ടുണ്ടാകാവുന്ന ആത്മപീഡനത്തിന്‍റെ ഒരംശമെങ്കിലും തിരിച്ചറിയാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ മഹാപാപി അതു സ്വന്തം കൃതിയായി നാട്ടുകാരുടെ മുന്‍പില്‍ കൊട്ടിഘോഷിക്കുമായിരുന്നോ?. കാവാലത്തുകാര്‍ക്കാണെങ്കില്‍ ഈ കൊടും പാതകം തിരിച്ചറിയാന്‍ കഴിയാതെയും പോയി. ഞാനുള്‍പ്പെടെയുള്ള കുറേ മണ്ടന്മാര്‍ കയ്യടിക്കാനും… അന്ന് അനില്‍ പനച്ചൂരാന്‍ അത്ര കണ്ട് സുപരിചിതനായിരുന്നില്ല. എന്നാല്‍ ഈ വിദ്വാന്‍ എവിടെ നിന്നോ ഈ പാട്ടു കേട്ടിരുന്നു. വരികള്‍ക്കോ, വാക്കുകള്‍ക്കോ, ഈണത്തിനോ യാതൊരു വ്യത്യാസവുമില്ലാതെ, ആ കവിത ആലപിക്കുമ്പോള്‍ പനച്ചൂരാന്‍ എവിടെയൊക്കെ ശ്വാസമെടുത്തിട്ടുണ്ടോ അഅതില്‍ പോലും വ്യത്യാസമില്ലാത്ത ഒരു ഉഗ്രന്‍ മോഷണം!!!. അതായിരുന്നു സംഭവം.

ഇനി മേലില്‍ പുറം ചൊറിയാന്‍ പോലും പേന കൈ കൊണ്ടു തൊടരുതെന്നു ഭീഷണിപ്പെടുത്തി ഞാന്‍ അവിടെ നിന്നും പോയി. (ഈ സംഭവം ഒരു തമാശക്കഥയായേ പരിഗണിക്കേണ്ടതുള്ളൂ, കാരണം ആ കവിതയോടുള്ള കടുത്ത ആരാധന മൂലം അയാള്‍ അങ്ങനെ പറഞ്ഞെന്നേയുള്ളൂ എന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്)

അയ്യപ്പപണിക്കര്‍ മരിച്ചു കഴിഞ്ഞ് ഏകദേശം ഒരാഴ്ച്ചയായിക്കാണും, ‘പ്രകാശമായ്‘ എന്ന പേരില്‍ എന്‍റേതായി ഒരു അനുശോചനക്കുറിപ്പ് നിഷ്കളങ്കന്‍ ഓണ്‍ലൈനിലും, തുടര്‍ന്ന് കേരളകവിതയിലും പ്രസിദ്ധീകരിക്കയുണ്ടായി. വാസ്തവത്തില്‍ അത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിനു വേണ്ടി മാത്രം എഴുതപ്പെട്ടവയാണ്. എങ്ങനെയോ അത് മറ്റിടങ്ങളിലേക്കും പോയി എന്നതാണു സത്യം. അത് ഒരു സൃഷ്ടി ആയിരുന്നില്ല, മറിച്ച് ഗുരുനാഥന്‍റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ സമര്‍പ്പിക്കപ്പെട്ട ചില നെടുവീര്‍പ്പുകള്‍ മത്രമായിരുന്നു.

എന്നാല്‍ പിന്നീട് അതിവിദഗ്ധമായ ഒരു എഡിറ്റിംഗും, അല്പം തലയും, വാലുമൊക്കെയായി പ്രസ്തുത കൃതി ഒരു ഇന്‍റര്‍നാഷണല്‍ ജേര്‍ണലില്‍ വായിക്കുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മറ്റൊരു വിദ്വാന്‍റെ പിതൃത്വത്തില്‍!!!. കഥാപാത്രങ്ങളെല്ലാം അതൊക്കെത്തന്നെ, പേരില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരു വ്യത്യാസം, കേന്ദ്ര കഥാപാത്രം അയ്യപ്പപണിക്കര്‍ തന്നെ. സാഹചര്യങ്ങള്‍ പലതും അതേപടി…

ശരിക്കും മോഷണം ഒരു കല തന്നെയാണോ?...
ചിലപ്പോള്‍ ആയിരിക്കും.

വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നു അഖിലലോകകള്ളന്മാർക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് പരിഭവിച്ച ആ മഹാമനുഷ്യനേക്കുറിച്ചുള്ള വെറും നിസ്സാരനായ ഈയുള്ളവന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു!!!. (ആ സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ എത്രയെണ്ണം അടിച്ചുമാറ്റപ്പെട്ടിട്ടുണ്ടാവാമെന്ന് അത്ഭുതപ്പെട്ടു പോവുകയാണ്.)

അദ്ദേഹം തീര്‍ത്ത കാവ്യപ്രപഞ്ചം ഇന്നും തുടരുന്നുവെങ്കിലും അയ്യപ്പപണിക്കര്‍ എന്ന യുഗം അവസാനിച്ചിരിക്കുന്നു… അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തോടു തന്നെ ചോദിക്കാമായിരുന്നു ‘അക്ഷരക്കള്ളന്മാരെ’ അങ്ങേയ്ക്ക് എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന്.

ഇല്ല, പരിഹാസത്തിന്‍റെ കൂരമ്പുകള്‍ ഒളിപ്പിച്ചതെങ്കിലും തേങ്ങാക്കള്ളന്മാരോടും, കോഴിക്കള്ളന്മാരോടും സഹാനുഭൂതിയോടെ സം‍വദിച്ച സൌമ്യനും ശാന്തനുമായ ആ മഹാത്മാവിന് ഒരു കാലത്തും ഇത്തരം അക്ഷരക്കള്ളന്മാരോട് ക്ഷമിക്കുവാന്‍ കഴിയില്ല.

കോഴിയെ മോഷ്ടിക്കുന്നവന്റെയും, സ്വര്‍ണ്ണം മോഷ്ടിക്കുന്നവന്റെയും പിന്നില്‍ വിശപ്പ് എന്നൊരു ന്യായീകരണമെങ്കിലും നല്‍കി അവരോട് ക്ഷമിക്കാം. എന്നാല്‍ അക്ഷരം മോഷ്ടിക്കുന്നവന്‍റെ - മറ്റുള്ളവരുടെ അനുഭവങ്ങളെയും, ആത്മാവിനെത്തന്നെയും യാതൊരു ലജ്ജയും കൂടാതെ മോഷ്ടിക്കുന്ന- ഭാഷയുടെ മഹനീയതയ്ക്കു പോലും തീരാക്കളങ്കമായ, സാംസ്കാരിക കേരളത്തിന്‍റെ മക്കളെന്നും, ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഉദ്യാനപാലകരെന്നുമൊക്കെ നടിച്ചുകൊണ്ട് ശുദ്ധ തോന്നിവാസം കാണിക്കുന്ന ഇത്തരം സാഹിത്യ നപുംസകങ്ങളായ ഭാഷാവ്യഭിചാരികളുടെ ദുര്‍വൃത്തികളെ ഏതു തരത്തില്‍ ന്യായീകരിക്കാന്‍ കഴിയും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വയം ചിന്തിക്കുമ്പോള്‍ പോലും ഇവര്‍ക്കൊന്നും ലജ്ജ തോന്നാത്തതെന്താണെന്നു ചിന്തിച്ചു പോവുകയാണ്.

ഭാവനാസമ്പന്നരായ ഒരു പിടി കലാകാരന്മാരുടെ ബ്ലോഗുകളില്‍ കോപ്പി റൈറ്റും, പ്രൈവസിപോളിസിയുമൊക്കെ സഹിതം പ്രസിദ്ധീകരിച്ച ചില കൃതികള്‍ ചില ജാലികകള്‍ മോഷ്ടിച്ച് അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍, നല്ല ഭാഷാജ്ഞാനവും, പദ സമ്പത്തും, ശൈലീശുദ്ധിയും കൈമുതലായുള്ള ആ എഴുത്തുകാര്‍ക്ക് അവരുടെ നിഘണ്ടുവിലെങ്ങും ഇല്ലാത്ത (ശബ്ദതാരാവലിയിലുമില്ല – ചിലപ്പോള്‍ പുതിയ ചില ആക്ഷന്‍ സിനിമകളുടെ തിരക്കഥ വായിച്ചാല്‍ അതില്‍ കാണാന്‍ കഴിഞ്ഞേക്കും) ആരും കേട്ടിട്ടു പോലുമില്ലാത്ത പഞ്ചവര്‍ണ്ണ തെറികളാണ് മറുപടിയായി ലഭിച്ചതെന്നു പറയപ്പെടുന്നു. അതേ തുടര്‍ന്ന് എല്ലാവരും തങ്ങളുടെ ബ്ലോഗുകള്‍ കറുപ്പു നിറമാക്കി പ്രതിഷേധവാരം ആചരിക്കുന്നു. ഈയുള്ളവനും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിഷ്കളങ്കന്‍ ഓണ്‍ലൈന്‍ എന്ന പേരിലുള്ള ബ്ലോഗും കറുപ്പു നിറമാക്കി പ്രതിഷേധിക്കുകയാണ്.

എന്നാല്‍ ഇതിനൊരന്ത്യമുണ്ടാകുമോ?, കൊലപാതകിക്കും, ഏഴു വയസ്സു തികയാത്ത മകളെ ബലാത്സംഗം ചെയ്തു കൊന്നവനും, പട്ടച്ചാരായം വാറ്റി നാട്ടുകാരുടെ കണ്ണിന്‍റെ ഫിലമെന്‍റ് തെറിപ്പിച്ചവനും വേണ്ടിപ്പോലും അവകാശത്തെയും, സ്വാതന്ത്ര്യത്തെയും കുറിച്ച് സിമ്പോസിയങ്ങളും, ഉപന്യാസമത്സരങ്ങളും നടത്തി കയ്യടി വാങ്ങുന്നവരുടെ ദേഹത്തു മുട്ടിയിട്ടു നടക്കാന്‍ മേലാത്ത നാടാണ് കേരളം. എന്നാല്‍ ഒരു പിടി കലാകാരന്മാരുടെ കൊച്ചു കൊച്ചു സ്വപ്നപുഷ്പങ്ങളുടെ മേല്‍ മുറുക്കി തുപ്പുന്നവര്‍ക്കെതിരേ ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിക്കാന്‍ ആരെങ്കിലും ഉണ്ടാവുമോ എന്ന് നമുക്കു കാത്തിരുന്നു കാണാം…

© nishkalankanonline